Tuesday, July 1, 2014

ഡയറിക്കുറിപ്പുകൾ: കടലാസുവിമാനങ്ങൾ

ഒന്ന്:

"ഞാൻ ജീവിച്ചു തീർക്കുന്ന എന്റെ നിമിഷങ്ങളാണ് നിങ്ങളോട് പങ്കുവക്കാൻ പോകുന്നത്. ഇവിടെ എനിക്ക് സ്വകാര്യങ്ങളില്ല, അസത്യങ്ങളുമില്ല. ഓർമ്മകളുടെ പനിനീർപ്പൂക്കൾ കൊഴിഞ്ഞു പോകുന്ന നാളെയുടെ പുലരികളിൽ എനിക്കു മുമ്പിൽ ഈ വാക്കുകൾ ഉണ്ടാവണം.അതിനു വേണ്ടിയാണ് ഞാൻ നിങ്ങളേയും എന്നോടൊപ്പം കൂട്ടുന്നത്‌, നിങ്ങളിൽ കൂടി എനിക്ക് നാളെ എന്നെത്തന്നെ അറിയണം...."
ഡയറിയുടെ ആദ്യതാളിൽ കുറിച്ച ഈ വാക്കുകൾ ഒന്നുകൂടി ഞാൻ വായിച്ചു. വീണ്ടും താളുകൾ ഒന്നൊന്നായി മറിച്ചു. നഗരത്തിലെ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞിട്ടില്ല എന്ന് ഹോട്ടൽ മുറിയിലെ ജനാലയിലൂടെ ഇടയ്ക്കിടെ എത്തുന്ന ഹോണ്‍ ശബ്ദം ഓർമ്മിപ്പിച്ചു. ചെറിയൊരു മുരൾച്ചയോടെ മുറിയിലെ ഫാൻ കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. മേശപ്പുറത്തെ വൈദ്യുതവിളക്കിന്റെ  മഞ്ഞ വെളിച്ചത്തിൽ ഇന്നത്തെ ദിവസം കുറിച്ച ഡയറിത്താളുകളിൽ ഞാൻ അക്ഷരങ്ങൾ നിരത്താൻ തുടങ്ങി.

രണ്ട്:

മാർച്ച്‌ 15, 2014, 10.32 PM

തലസ്ഥാനനഗരിയിൽ ഞാൻ ആദ്യമായിട്ടല്ല വരുന്നത്. എപ്പോഴൊക്കെ വരാറുണ്ടോ അപ്പോഴെല്ലാം മ്യുസിയം ഗ്രൗണ്ടിൽ വന്നിരിക്കാരുമുണ്ട്. അതിനുള്ള സമയവും എനിക്കെപ്പോഴും കിട്ടാറുണ്ട് എന്നതാണ് വാസ്തവം.ആ പാർക്ക്‌ എന്റെ ബാല്യകാല ഓർമകളുടെ സ്മാരകമാണ്. പണ്ട് സ്കൂളിൽ പഠിക്കുമ്പോഴാണ് വിനോദയാത്രക്കായി ആദ്യമായി ഈ നഗരത്തിൽ വന്നത്. അന്ന് കൂട്ടുകാരുമൊത്ത് അവിടെ പുൽത്തകിടിയിൽ വട്ടം കൂടി ഇരുന്നതും കടല കൊറിച്ചതും എന്നും മനസ്സിൽ സൂക്ഷിച്ചിരുന്നു. കാലത്തിന്റെ ഇതളുകൾ മറിഞ്ഞപ്പോൾ കൂട്ടുകാരൊക്കെ എങ്ങോട്ടോ അകന്നു പോയി. പക്ഷെ യാതൊരു മാറ്റവും ഇല്ലാതെ ഈ പച്ചപ്പ്‌ ഇന്നും ഇവിടെ വിടർന്നു കിടക്കുന്നു.
ഈ പ്രാവശ്യവും അതുപോലെ തന്നെ സംഭവിച്ചു. ഒരു ദിവസം കൂടി അപ്രതീക്ഷിതമായി തങ്ങേണ്ടതായി വന്നിരിക്കുന്നു ഈ നഗരത്തിൽ. അപ്പോൾ വൈകുന്നേരം കിട്ടിയ ഇടവേളയാണ് പാർക്കിലേക്ക് എന്നെ നടത്തിയത്. പാർക്കിലേക്ക് കയറുവാൻ തുടങ്ങിയപ്പോഴാണ് അതിനടുത്തായിട്ടുള്ള മൈതാനത്തെ കൂടാരങ്ങൾ ശ്രദ്ധിച്ചത്. എന്തോ പ്രദർശനമാണെന്നു തോന്നുന്നു. ഞാൻ പതുക്കെ അതിനടുത്തേക്ക് നടന്നു.
ഫോട്ടോഗ്രഫി-ചിത്രകല പ്രദർശനമാണ്. മലയാളത്തിലെ ഒരു പ്രമുഖ ദിനപ്പത്രം ഒരുക്കിയതായിരുന്നു നിറങ്ങളിൽ തീർത്ത ആ കാഴ്ച. പ്രമുഖരും അല്ലാത്തതുമായ ചിത്രകാരന്മാർ വരച്ചതും ഫോട്ടോഗ്രാഫർമാർ പകർത്തിയതുമായിട്ടുള്ള ചിത്രങ്ങൾ. ആളുകൾ ഓരോരുത്തരായി അങ്ങോട്ട്‌ കയറിപ്പോകുന്ന കാണാം. എങ്കിലും വലിയ തിരക്കുകൾ അനുഭവപ്പെടുന്നില്ല. അല്ലെങ്കിലും ചിത്രകലയെ വളരെയധികം പ്രോത്സാഹിപ്പിച്ച ചരിത്രമൊന്നും ഒരിക്കലും അവകാശപ്പെടാൻ നമ്മുടെ സമൂഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. ആത്മഗതം പോലെ ചിന്തിച്ചുകൊണ്ട് ഞാനും ടിക്കറ്റെടുത്ത് അകത്തേക്ക് കയറി.

മൂന്ന്:

“ആകാശമുറ്റത്തു പിച്ചവച്ചു പറക്കുന്ന വർണ്ണപ്പട്ടങ്ങളുടെ നൂൽത്തലപ്പുകൾ കയ്യിലേന്തി കുരുന്നുകൾ ഓടിക്കളിക്കുന്ന സ്കൂൾമുറ്റം, സായാഹ്നസൂര്യൻ സ്വർണ്ണം പൂശിയ ത്രിസന്ധ്യയിൽ ചുവന്ന വാകപ്പൂക്കൾ വിരിച്ച അമ്പലക്കൽപ്പടവ്, കർക്കിടക മഴയിൽ കുത്തിയൊലിച്ചു പായുന്ന തോടിനരികിലെ മുളച്ചില്ലയിൽ ഇരയുടെ മിന്നലാട്ടം കാത്തിരിക്കുന്ന നീലപ്പൊന്മാൻ, ദേവിപ്രസാദത്തിനായി നാടിന്റെ ആത്മാവുമായി ഉറഞ്ഞുതുള്ളുന്ന കോമരങ്ങൾ, ഓണപ്പാട്ടിന് താളം പിടിക്കുന്ന വള്ളപ്പാടിന്റെ ഓർമ്മകളിൽ തുഴകളെറിഞ്ഞു നിരനിരയായി വരുന്ന ചുണ്ടൻവള്ളങ്ങൾ, നിരന്നുനിന്നു തലപ്പൊക്ക മത്സരത്തിൽ പങ്കെടുക്കുന്ന കവുങ്ങിൻ തോപ്പിലൂടെ പുസ്തകസഞ്ചിയുമായി പോകുന്ന സ്കൂൾ കുട്ടികൾ, ഇലച്ചാർത്തിലൂടെ എത്തിനോക്കുന്ന പൊൻകിരണങ്ങളോട് മുഖം പൊത്തി നനഞ്ഞമണ്ണിൽ പുതഞ്ഞു കിടക്കുന്ന കുന്നിക്കുരു മണികൾ, ഉത്സവപ്പറമ്പുകൾക്ക് അലങ്കാരമായി തലയാട്ടിനിൽക്കുന്ന കരിവീരന്മാർ, ജലപ്പരപ്പിലെ മരക്കാലിൽ ആഴങ്ങളിലേക്ക് ഊഴിയിടാനോരുങ്ങുന്ന നീർക്കാക്കകൾ, അസുരതാളത്തിൽ തലയാട്ടിനിൽക്കുന്ന ആൽത്തറക്കാവ്, വള്ളികൾ പടർന്നു തിങ്ങിനിൽക്കുന്ന കാഞ്ഞിരമരത്തിനു താഴെ കരിയില വീണു പടർന്ന തറയിൽ മഞ്ഞൾ രാശിയിൽ തലപൊക്കി നിൽക്കുന്ന സർപ്പത്തറ....”

ഓരോ ചിത്രങ്ങളും കണ്ടു ഞാൻ നടന്നു. പഴയ മലയാളലളിതഗാനങ്ങൾ പതിഞ്ഞ ശബ്ദത്തിൽ ആ ഹാളിലെവിടെയോ കേൾക്കുന്നുണ്ട്. നമ്മുടെ നാടിന്റെ പൈതൃകം മുഴുവൻ നിറക്കൂട്ടുകളിൽ പകർത്തിയിരിക്കുകയാണിവിടെ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ചിത്രകാരന്മാരും ഫോട്ടോഗ്രാഫർമാരും ഒരുമിക്കുന്ന അപൂർവസംഗമം.
പലചിത്രങ്ങളും എപ്പോഴൊക്കെയോ മറന്ന കാഴ്ച്ചകളിലേക്ക് കൈപിടിച്ചു നടത്തുന്നതായി തോന്നി. ഒരിക്കൽ എനിക്കു ചുറ്റിലും ഉണ്ടായിരുന്നതും ഞാൻ കണ്‍നിറച്ചു കണ്ടതും പിന്നീട് എന്റെ മക്കൾക്ക്‌ നഷ്ടപ്പെട്ടു പോയതുമായ ഈ നാടിന്റെ സമൃദ്ധി നിറങ്ങളായി ഇവിടെ വീണ്ടും വിരിഞ്ഞു നിൽക്കുന്നു.
മണ്ണിൽ പൊന്നുവിളയിച്ചിരുന്ന ഒരു സംസ്കാരം ഇവിടെ ഉണ്ടായിരുന്നു. അവരിവിടെ സ്നേഹത്തിന്റെ വിത്തുകൾ വിതച്ചിരുന്നു. മനസിലെ നന്മയുടെ വെളിച്ചം കൊണ്ട് അവരിവിടെ ആഘോഷങ്ങൾ ഒരുക്കി. എന്നാൽ കാലം കരുതിവച്ചതു മറ്റൊന്നായിരുന്നു. അസമത്വത്തിന്റെ കളകൾ ഈ മണ്ണിൽ പതുക്കെപ്പതുക്കെ തലപൊക്കി. നിറഞ്ഞുനിന്ന നന്മയുടെ ജലവിതാനം സാവധാനം താഴാൻ തുടങ്ങി. വികസനത്തിന്റെ കോണ്‍ക്രീറ്റ് വേരുകൾ മണ്ണിലേക്ക് തുളഞ്ഞുകയറി. പറഞ്ഞാൽ വിശ്വസിക്കാനാവാത്ത വിധം മണ്ണും മനുഷ്യനും മാറി. പ്രകൃതിയേയും മണ്ണിനേയും മനുഷ്യനേയും സ്നേഹിച്ചവർക്കുപോലും ഇതെല്ലാം കണ്ടുനിൽക്കാനെ കഴിഞ്ഞൊള്ളൂ. ഞാനും അവരോടൊപ്പം മൂകസാക്ഷിയായി നിന്നു. അതിനെ എനിക്കും കഴിയുമായിരുന്നൊള്ളൂ.

ദീർഘനിശ്വാസത്തോടെ ഞാൻ വീണ്ടും നടന്നു. ചിത്രങ്ങളോരോന്നും മനസിൽ ഓർമ്മകളുടെ തുടിപ്പാട്ടുകളുണർത്തി.
പണ്ട് പാടവരമ്പിൽക്കൂടി പുസ്തകസഞ്ചിയുമായി പള്ളിക്കൂടത്തിൽ പോയതും, നിറഞ്ഞൊഴുകുന്ന കർക്കിടകമഴയിൽ വൈകുന്നേരം തിരികെവരുമ്പോൾ നടവഴിയിലെ പാറപ്പുറത്ത് വഴുതിവീണതും, വടക്കേ തൊടിയിലെ കുളത്തിനടുത്തുള്ള മഞ്ചാടിച്ചുവട്ടിൽ നിന്നും മുത്തുമണികൾ പെറുക്കിക്കൂട്ടിയതും, പുഞ്ചപ്പാടത്ത് നിലമുഴുകുമ്പോൾ കാളകൾക്കൊപ്പം പാടത്തുകൂടി ഓടിക്കളിച്ചതും, മനക്കെക്കുടിയിലെ മാവിൻ ചുവട്ടിൽ തേൻപഴത്തിന് വേണ്ടി ചേട്ടനുമായി വഴക്കിട്ടതും എല്ലാം ഇന്നു സുഖമുള്ള ഓർമ്മകൾ മാത്രമായി മാറുന്നു. ഇനിയൊരു തലമുറയ്ക്കും ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരു കാലം. ഞാൻ പിച്ചവച്ചു വളർന്ന ബാല്യത്തിന്റെ അവശേഷിപ്പുകൾ ഒന്നുംതന്നെ ഇന്നെന്റെ ഗ്രാമത്തിൽ ഇല്ല. വലിയൊരു വ്യവസായ സംരംഭത്തിനു വേണ്ടി അതെല്ലാം അവിടുന്നു തുടച്ചുനീക്കപ്പെട്ടു. അത് തന്നെയാണ് ഒരുപക്ഷെ ദേശാടനപക്ഷിയേപ്പോലെ പിന്നീടുള്ള ഈ ജീവിതത്തിനും കാരണമായതും. വികസനത്തിന്റെ പേരിൽ നമുക്കു നഷ്ടപ്പെടുന്നത് ഈ മണ്ണിന്റെ ആത്മാവിനെത്തന്നെയാണ്, ഒരു ജനതയുടെ ശ്വാസനിശ്വാസങ്ങളെയാണ്... പലപ്പോഴും...

ചിത്രത്തിന്റെയും ഫോട്ടോകളുടേയും സൃഷ്ടാക്കളും അവിടെയുണ്ടായിരുന്നു. ആളുകൾ അവരെ പരിചയപ്പെടുന്നതും മറ്റും കാണാം. ചിത്രങ്ങളെ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കാനും തിരക്ക് കൂട്ടുന്നുണ്ട് ചിലർ. ഈ സമയങ്ങളിലും ഹാളിൽ ഏതോ കോണിൽ നിന്നും പഴയ മലയാളലളിതഗാനങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.

നാല്:

നിറങ്ങൾ ചാലിച്ച തൂവലുകൾ ചിറകിനടിയിലൊതുക്കി പറക്കുന്ന കടലാസുവിമാനങ്ങൾ!! ഒന്നും രണ്ടുമല്ല, ഒരായിരം... നിറങ്ങളുടെ ഒരു വിസ്മയമായിരുന്നു അവസാനത്തെ ആ ചിത്രം. കടന്നുവരുന്ന ഓരോരുത്തരും അറിയാതെതന്നെ ആ ചിത്രത്തിനു മുന്നിൽ നിന്നുപോയി, കൂടെ ഞാനും. തികച്ചും വ്യത്യസ്തമായൊരു പ്രമേയം, എന്നാൽ ഇതുവരെ കണ്ട ചിത്രങ്ങളുടെയെല്ലാം ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചു സൃഷ്ടിച്ചെടുത്തൊരു കൊളാഷ് ആയിരുന്നു കടലാസുവിമാനങ്ങൾ.

അതിലേക്കു നോക്കുംതോറും അകാരണമായൊരു ഭയം നെഞ്ചിൽ ഉയരുന്നതായി തോന്നി. മാത്രമല്ല അവിടെനിന്ന പലരുടെയും മുഖത്തും അതുള്ളതായി തോന്നി. എങ്കിലും അതു മെനഞ്ഞെടുത്ത കലാകാരന്റെ ഭാവനയെ അഭിനന്ദിക്കാതെ വയ്യ. അത്ര വിദഗ്ദ്ധമായിട്ടാണ് അയാൾ അത് ഒരുക്കിയിരിക്കുന്നത്. പ്രകൃതി കൊണ്ടൊരു സൃഷ്ടി, അങ്ങനെയേ എനിക്ക് അതിനെ വായിക്കുവാൻ കഴിഞ്ഞൊള്ളൂ.

ചിത്രത്തിന്റെ ഒരു വശത്തായി ചെറിയൊരു ആൾക്കൂട്ടം. എട്ടടി നീളത്തിലും അഞ്ചടി വീതിയിലും എനിക്കു മുന്നിലായി വിരിഞ്ഞുനിൽക്കുന്ന നിറക്കാഴ്ചയുടെ സൃഷ്ടാവിനെ ആളുകൾ പരിചയപ്പെടുന്നതിന്റെ തിരക്കാണ്. ഞാനും അതിനടുത്തേക്ക്‌ ചെന്നു. 
മുപ്പതിനോടടുത്തു പ്രായമുള്ളൊരു യുവാവാണ് ആ നായകൻ. ചെമ്പിച്ച തലമുടി, കറുത്ത ഫ്രെയിം വച്ച കണ്ണട, വെട്ടിയൊതുക്കാത്ത താടിരോമങ്ങൾ, മുഷിഞ്ഞു തുടങ്ങിയ കുപ്പായം.. അവൻ ഇരിക്കുകയാണ്, ചക്രങ്ങളുള്ളൊരു കസേരയിൽ!!! കത്തുന്ന മെഴുകുതിരിപോലെ, ചലനമില്ലാത്ത പകുതി ശരീരവുമായി, നിഷ്ക്കളങ്കമായ നിറഞ്ഞ ചിരിയോടെ…
ഏതൊരു മികച്ച സൃഷ്ടിയും നേരിന്റെ അനുഭവചൂളയിൽ വാർത്തെടുത്തവയാകും. പകുതി മരിച്ച ശരീരത്തിനുള്ളിൽ അസ്വസ്ഥമായൊരു മനസ്സ് അവന്റെ മുഖത്തുനിന്നു വായിച്ചെടുക്കാൻ സാധിക്കും, അവനും ഒരുപക്ഷെ ഒരു രക്തസാക്ഷിയാവാം. ഏതോ നവലോകസൃഷ്ടിയുടെ മരിക്കാത്ത രക്തസാക്ഷി. അവൻ എന്തോ പറയുവാൻ ശ്രമിക്കുകയാണ് , ഈ ലോകത്തോട്‌...
തിരക്കൊന്നു കുറഞ്ഞപ്പോൾ ഞാനും ചലിക്കുന്ന ആ കസേരയ്ക്കു അരികിലേക്കു ചെന്നു. കുറച്ചു കുട്ടികളായിരുന്നു അപ്പോൾ അവന്റെ അരികിലുണ്ടായിരുന്നത്. ഞാനും അവർക്കൊപ്പം കൂടി. എന്തു ചോദിക്കണമെന്നോ എങ്ങനെ പരിചയപ്പെടണമെന്നോ അറിയാതെ നിന്ന എന്റെ മുഖത്തേക്ക് അവനൊന്നു നോക്കി.
വിക്കി വിക്കി ഞാൻ ചോദിച്ചു,
 "എവിടെയാണ് സ്വദേശം?"
പുഞ്ചിരിച്ചുകൊണ്ടാണ് അവൻ മറുപടി പറഞ്ഞത്, 
"ആറന്മുള"
ഒരു പക്ഷിയുടെ ചിറകടി ശബ്ദം എന്റെ കാതുകളെ തുളച്ചു പായുന്നതു ഞാൻ അപ്പോൾ അറിഞ്ഞു. വലിയൊരു യന്ത്രപ്പക്ഷിയായിരുന്നു അത്. ഒരിക്കൽ നമ്മുടെ സ്വപ്നങ്ങൾക്ക് മുകളിലൂടെയായിരുന്നു അവ പറന്നിരുന്നത്, എത്തിപ്പിടിക്കാനാവാതത്ര ഉയരത്തിൽ. പണ്ടും ഞാൻ ഈ ശബ്ദം കേട്ടിരുന്നു. കൊയ്ത്തുകഴിഞ്ഞ പാടത്തു കളിക്കുമ്പോൾ കൈകൊട്ടി വിളിക്കാനും അതിന്റെ ശബ്ദം കേട്ടാൽ എവിടെയായിരുന്നാലും മുറ്റത്തേക്കിറങ്ങി സൂര്യനെ വകവയ്ക്കാതെ മുകളിലേക്ക് നോക്കാനും ഇഷ്ട്ടപ്പെട്ടിരുന്ന ഒരു കാലത്ത്. എന്നാൽ ഇന്ന് ഭയപ്പെടുത്തുന്ന മുഴക്കത്തോടെ അവ നമുക്ക് ചുറ്റിലേക്കും പറന്നിറങ്ങാനൊരുങ്ങുന്നു, ഈ മണ്ണിലേക്ക്, ഈ പ്രകൃതിയിലേക്ക്, നമ്മളോരോരുത്തരെയും മനുഷ്യനാക്കിയ ഈ സംസ്കാരത്തിന്റെ നെഞ്ചിലേക്ക്!!!
എന്റെ ഉള്ളിലെ ഭയം എന്തെന്ന് ഇപ്പോൾ ഞാൻ അറിയുന്നുണ്ട്‌. എവിടെനിന്നോ ഒരുകൂട്ടം മനുഷ്യരുടെ നിലവിളികൾ കാതിൽ മുഴങ്ങുന്നു. പക്ഷെ കൂറ്റൻ പക്ഷിയുടെ ചിറകടി ശബ്ദത്തിൽ ആരും അത് കേൾക്കുന്നില്ല.
അതു ഞാൻ വ്യക്തമായി തന്നെ കേട്ടു, പക്ഷെ അതിനു ശേഷം ഞാൻ ചുറ്റുപാടുകളെ കേട്ടില്ല, ചുറ്റിനുമുള്ള ഒന്നും കണ്ടില്ല. ചുറ്റും നോക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങി, പച്ചവിരിച്ച പുൽത്തകിടിയിലൂടെ നടന്നു. പാർക്കിൽ ആരോ പറത്തിവിട്ടൊരു കടലാസുവിമാനം എന്റെ അരികിലൂടെ പറന്നു താഴെവീണു…

ഡയറി അടച്ചുവച്ച് ഞാൻ പതുക്കെ കസേരയിലേക്ക് ചാഞ്ഞു. നഗരത്തിലെ തിരക്ക് അപ്പോഴേക്കും കുറഞ്ഞിരുന്നു.
O O O

Sunday, May 11, 2014

അപ്രതീക്ഷിതം.... ആത്മഛായകൾ....

അപ്രതീക്ഷിതം...ആത്മഛായകൾ...
അപ്രതീക്ഷിതങ്ങളാണ് നമുക്കെന്നും ജീവിതമുഹൂർത്തങ്ങൾ. പ്രവചിക്കാനാവാതെ നാം എത്തിച്ചേരുന്നതും അനുഭവിച്ചറിയുന്നതും ചിലപ്പോൾ എന്നും ഓർത്തുവയ്ക്കാവുന്ന നിമിഷങ്ങളെയാകും. ഞാനും അങ്ങനെയൊരു സമയഘടികാരത്തിന്റെ സൂചിത്തലപ്പിലൂടെ കടന്നുപോയി.
വളരെ യദൃശ്ചികമായി കിട്ടിയ ഒരു പുസ്തകപ്രകാശനത്തിന്റെ ക്ഷണകത്ത് എനിക്ക് സമ്മാനിച്ചത്‌, കുറെ നാളുകളായി ഞാൻ എന്നോടുതന്നെ ചർച്ച ചെയ്തും കലഹിച്ചും ആരാധിച്ചും അറിഞ്ഞുകൊണ്ടിരുന്ന ഒരു വ്യക്തിയുമായുള്ള കുറെ നിമിഷങ്ങളാണ്. സുസ്മേഷ് ചന്ദ്രോത്ത്... വ്യത്യസ്തങ്ങളായ ചിന്തകൾ കൊണ്ടും എഴുത്തു കൊണ്ടും ശ്രദ്ദേയനായ മലയാളസാഹിത്യ യുവത്വത്തിന്റെ മുൻനിരയിലെ ആദ്യപേരുകാരൻ. 
പെരുമ്പാവൂർ ആശാൻ സ്മാരക സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തകപ്രകാശനവേദിയിലായിരുന്നു സുസ്മേഷ് ചന്ദ്രോത്തുമായി സംസാരിക്കുവാനുള്ള ഭാഗ്യനിമിഷങ്ങൾ ലഭിച്ചത്.
അതിനു വഴിയൊരുക്കി തന്ന ജേഷ്ഠനും സുഹൃത്തുമായ സുരേഷേട്ടനോട് (സുരേഷ് കീഴില്ലം) പറഞ്ഞാൽ തീരാത്തത്ര നന്ദി. വായിച്ചറിഞ്ഞ കഥകളിലൂടെ നായകസ്ഥാനത്തു പ്രതിഷ്ഠിച്ച എഴുത്തുകാരനെ ഒന്നു കാണുക, പറ്റിയാൽ ഒരു ഓട്ടോഗ്രാഫ്... അതായിരുന്നു ആ സദസ്സിലേക്കു പോകുമ്പോൾ മനസ് നിറയെ. പക്ഷെ ആഗ്രഹിച്ചതിലേക്കാളേറെ കിട്ടിയ പൂക്കാലം പോലെ ഒരുപാടു നിമിഷങ്ങൾ... ചിത്രങ്ങൾ... ഓട്ടോഗ്രാഫ്.... അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു ഓരോന്നും... മാസ്മരികമായ ഭാവനാവൈഭവം കൊണ്ടു മലയാളത്തിൽ ആത്മഛായകൾ തീർക്കുന്ന മായാജാലക്കാരന്റെ ഭാഷ, സൗഹൃദം തന്നെയാണെന്നു അറിയുകയായിരുന്നു...


Wednesday, January 15, 2014

"പുറംകാഴ്ച്ചകൾ"


ഒന്ന്:
"ഒരു ഏറ്റുമാനൂർ ടിക്കറ്റ്, പാസ്സഞ്ചേറിന്!"

ശബ്ദം അല്പം കൂടിപോയോ! സംശയിച്ച മുഖത്തോടെ ടിക്കറ്റിനുള്ള രൂപയും നീട്ടികൊണ്ട് ഞാൻ റെയിൽവേ ടിക്കറ്റ് കൗണ്ടെറിലെ ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് നോക്കി. വ്യക്തമായി കേട്ടതു കൊണ്ടാണോ എന്തോ അയാൾ ടിക്കറ്റ് കീറി ബാക്കി ചില്ലറയും കൂട്ടി എന്റെ നേരെ നീട്ടി.

കൗണ്ടറിൽ നിന്നും ഇറങ്ങി പ്ലാറ്റ്ഫോമിലേക്കു നടക്കുമ്പോൾ അടുത്തു കണ്ട ലഘുഭക്ഷണശാലയിൽ നിന്നും ഒരു കപ്പ് കാപ്പിയും ഒപ്പം കൂടി. സാധാരണ ആഴ്ചക്കൊടുവിൽ വീട്ടിലേക്കു പോകുമ്പോൾ കൂട്ടുകാരും ഒപ്പം കാണും. ഇന്ന് പക്ഷെ ഒറ്റക്കാണ്. കാരണം ഒരു ദിവസം മുമ്പേ ആണ് ഈ യാത്ര. സർക്കാർ ജോലിയിലേക്കുള്ള എഴുത്തുപരീക്ഷയാണു നാളെ. സർക്കാർ ഉദ്യോഗം എന്ന ഭദ്രതയിൽ ജീവിതം നിറം പിടിപ്പിക്കണം എന്ന് എല്ലാവരെയും പോലെ ഞാനും കുറച്ചുകാലമായി ചിന്തിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെയാണ് അവധിയെടുത്തു പരീക്ഷക്ക്‌ പോകുന്നതും.

പ്ലാറ്റ്ഫോമിൽ വലിയ തിരക്കൊന്നും ഇല്ല. ഒഴിഞ്ഞു കിടന്നൊരു കസേരയിൽ ബാഗ്‌ വച്ച് അതിനടുത്തായി ഞാൻ ഇരുന്നു. കാപ്പി തീരും മുമ്പേ തന്നെ പ്ലാറ്റ്ഫോമിലെ ഉച്ചഭാഷിണിയിലൂടെ, വർഷങ്ങളായി യാത്രക്കാർ ആകാംഷയോടെ കേൾക്കുന്ന സ്ത്രീശബ്ദം..
"ട്രെയിൻ നമ്പർ 15304, കായംകുളം-എറണാകുളം പാസ്സഞ്ചെർ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് അല്പസമയത്തിനുള്ളിൽ എത്തിച്ചേരുന്നതാണ്‌" (ഇംഗ്ലീഷിലും ഹിന്ദിയിലും വീണ്ടും ആവർത്തിക്കുന്നു).
കാപ്പി കുടിച്ച് ഒഴിഞ്ഞ ഗ്ലാസ്‌ അടുത്തുള്ള വേസ്റ്റ് ബക്കറ്റിൽ ഇട്ടു തിരിച്ചെത്തിയപ്പോഴേക്കും ട്രെയിൻ എത്തികഴിഞ്ഞിരുന്നു. വീണ്ടും അതെ ശബ്ദം;
"ചെങ്ങനൂർ സ്റ്റേഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു."

നേരെ മുന്നിൽ എത്തി നിന്ന കമ്പാർട്ട്മെന്റിൽ തന്നെ കയറി. തിരക്കില്ലാത്തതുകൊണ്ട് ജനലിനോടടുത്ത സീറ്റ്‌ തന്നെ കിട്ടി.  ബാഗ്‌ ഒതുക്കിവച്ച് ഇരുന്നപ്പോഴേക്കും തീവണ്ടി സാവധാനം ചലിച്ചുതുടങ്ങി.  

ഞാൻ എന്നും ഏറ്റവും കൂടുതൽ യാത്രചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നത് തീവണ്ടിയിലായിരുന്നു. അദൃശ്യമായ സന്തോഷങ്ങൾ ഓരോ തീവണ്ടിയാത്രകളും എനിക്കു തന്നിരുന്നു. ഒരു ദേശത്തിന്റെ ധമനികൾ എന്നപോലെ പടർന്നൊഴുകുന്ന റയിൽപാതകൾ. വൈവിദ്ധ്യങ്ങളായ  സംസ്കാരങ്ങളിലായി അവ കെട്ടുപിണഞ്ഞു കിടക്കുന്നു. പലതരം ജീവിതചുമടുകളുമായി ഓരോ ഇടവേളകളിലും മാറി വരുന്ന ഒരുപാട് ആളുകൾ. കുടമാറ്റം പോലെ  നിറം മാറുന്ന പ്രകൃതി. ഇതൊരു സംസ്കാരമാണ്, ഈ ദേശത്തിന്റെ, ആത്മാവിന്റെ, പ്രതിഫലനമായ ജീവിതസംസ്കാരം.
"ചായ... ചായ..." ചായയുമായി ഒരു കച്ചവടക്കാരൻ കമ്പാർട്ട്മെന്റിൽ വന്നു പോയി. സമാന്തരമായ പാലങ്ങളിലൂടെ ചൂളം വിളിച്ചു നീങ്ങുന്ന മറ്റൊരു ജീവിതം.

കേരളത്തിന്റെ ഓരോ സ്ഥലങ്ങളും എനിക്കെന്നും പ്രിയപ്പെട്ടതു തന്നെയായിരുന്നു. വൈവിദ്ധ്യം കൊണ്ടു ഊടും പാവും നെയ്തെടുത്ത ജീവിതസാഹചര്യങ്ങൾ. മതങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധനാലയങ്ങൾ, ഭാഷാപ്രയോഗങ്ങൾ, ജീവിതരീതികൾ... എല്ലാം മാറി മാറി ഇഴചേർത്തിരിക്കുന്നു അതിൽ.  അതിൽ തന്നെ ജീവിതത്തോടു ചേർത്തുവച്ച കാർഷിക സംസ്കാരമാണോ പ്രകൃതിയാണോ പാലക്കാടിനെ എനിക്ക് പ്രിയപ്പെട്ടതാക്കിയത് എന്നു ചോദിച്ചാൽ ഉത്തരമില്ല.എപ്പോഴും യാത്രചെയ്യുവാനും താമസിക്കുവാനും മനം നിറച്ചു കാണുവാനും എന്നും ആഗ്രഹിച്ച സ്ഥലങ്ങളിൽ ഒന്നായിരുന്നു പാലക്കാട്‌.നാളത്തെ പരീക്ഷ പാലക്കാട്‌ വച്ച് ആയതുകൊണ്ടു കൂടിയാണ് അവധിയെടുത്തും അതെഴുതണം എന്ന് തീരുമാനിച്ചതും. മനസ്സിലെന്നും വിടർന്നു നിൽക്കുന്ന ഒരു സ്വപ്നമായിരുന്നു എനിക്ക് പാലക്കാട്‌. കരിമ്പനക്കൂട്ടങ്ങളിൽ ആർത്തുചിരിക്കുന്ന പാലക്കാടൻ കാറ്റുപോലൊരു ദിവാസ്വപ്നം. തീവണ്ടി കോട്ടയം സ്റ്റേഷനിലേക്ക് അടുത്തുകൊണ്ടിരുന്നു.

രണ്ട്:
പഞ്ചവാദ്യകൊമ്പുവിളികൾ കേട്ടു തഴക്കം വന്ന സാംസ്‌കാരിക നഗരിയുടെ കാതുകളിലേക്ക് ചൂളം വിളിച്ചുകൊണ്ടു തീവണ്ടിക്കു ജീവൻ വച്ചു. ഒരുവേള ഒന്ന് അമാന്തിച്ചെങ്കിലും വീണ്ടും കിട്ടിയ കരുത്തോടെ അതു കുതിച്ചുപാഞ്ഞു. മഞ്ഞനിറമുള്ള ബോർഡിൽ വലിയ കറുത്ത അക്ഷരങ്ങളിൽ "തൃശൂർ" എന്നെഴുതിയത് വായിച്ചെടുക്കാൻ കഴിയാത്തത്ര ദൂരെയായി.

തൃശൂർ വരെ നിൽക്കാൻ പോലും കഴിയാതിരുന്ന കംപാർട്ടുമെന്റിൽ ഇപ്പോൾ തിരക്കൊഴിഞ്ഞു. നാലഞ്ചുപേരെ ഉള്ളൂ. ഒരാൾ പരീക്ഷക്കു പോകുന്നത് തന്നെ. അയാൾക്കും പാലക്കാട്‌ തന്നെയാവും പരീക്ഷാകേന്ദ്രം. മറ്റൊരാൾ പ്രായമായ ആളാണ്. പിന്നെ മൂന്നു പെണ്‍കുട്ടികൾ. അവരിൽ രണ്ടുപേർ പരസ്പരം സംസാരിക്കുന്നുണ്ട്. അവരും ഉദ്യോഗാർത്ഥികൾ തന്നെ. മറ്റേയാൾ ഫോണിൽ ഹെഡ്സെറ്റിൽ പാട്ടും കേട്ടിരിക്കുന്നു.

ഞാൻ പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. ഉച്ചയ്ക്കുമുമ്പ് പാലക്കാട്‌ ആലത്തൂരിൽ പരീക്ഷാകേന്ദ്രത്തിൽ എത്തണം. ബസിൽ തിരക്ക് കൂടിയതിനാലാണ് തീവണ്ടി തിരഞ്ഞെടുത്തത്. അപ്പോൾ അതിലും തിരക്കുതന്നെ. എന്തായാലും തൃശൂർ എത്തിയപ്പോഴേക്കും തിരക്കുകുറഞ്ഞു.

പാലക്കാടിന്റെ ഹൃദയത്തിലേക്ക് തീവണ്ടി നീങ്ങിക്കൊണ്ടിരുന്നു. അത് ആസ്വദിച്ചുകൊണ്ടു ഞാനും.

എന്തുകൊണ്ടായിരുന്നു ഈ നാടിനെ ഇത്രയ്ക്കു സ്നേഹിച്ചതെന്നു പലപ്പോഴും ചിന്തിച്ചു. ഒരിക്കൽ പോലും ഇവിടെ ഞാൻ താമസിച്ചിട്ടില്ല. ഇവിടുത്തെ രുചിഭേദങ്ങൾ അറിഞ്ഞിട്ടും ഇല്ല. എങ്കിലും എന്നും ഇഷ്ടപ്പെടുന്നൊരു വികാരമായിരുന്നു ഈ ഭൂമിക. "ഖസാക്കിന്റെ ഇതിഹാസം" വായിച്ച കാലത്താണെന്ന് തോന്നുന്നു പാലക്കാടിനെ ആദ്യം ഹൃദയത്തിൽ പ്രതിഷ്ഠിച്ചത്. യക്ഷിക്കഥകൾ ഉറഞ്ഞു തുള്ളുന്ന കരിമ്പന കൂട്ടങ്ങളും നിറഞ്ഞു നിൽക്കുന്ന കാർഷിക സമ്പുഷ്ടിയും അതിനു മാറ്റുകൂട്ടി. സമൃദ്ധിയുടെ വസന്തകാലം ജലപ്പരപ്പിൽ നിന്നും മണൽപ്പരപ്പിലേക്ക് ഒഴുകിയെങ്കിലും ഇന്നും മാറ്റുകുറയാത്തൊരു ആഭരണമായിതന്നെ നിള ഈ ഭൂമിയെ സുന്ദരമാക്കി.ഒരു ജനതയുടെ മുഴുവൻ പ്രാർഥനകളുമായി കൽപ്പാത്തിയുടെ തെരുവുകളിലൂടെ രഥചക്രങ്ങൾ ഉരുണ്ടതും എന്റെ മനസിലെ ചിത്രങ്ങളിൽ നിറച്ചാർത്തോടെ തന്നെ നിലനിന്നു, ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും.
വിളഞ്ഞു നിൽക്കുന്ന നെൽപാടങ്ങൾക്കു നടുവിലൂടെ തീവണ്ടി കുതിച്ചു. കരിമ്പനക്കൂട്ടങ്ങൾ വെണ്‍ചാമരം പോലെ വിടർന്നു നിന്നു. അങ്ങിങ്ങായി വയലുകൾക്കരികിലെ ചെറിയ വെള്ളക്കെട്ടുകളിൽ വിരിഞ്ഞു നിൽക്കുന്ന നീലാമ്പൽപ്പൂവുകൾ. അതിനെ ചുറ്റി നീന്തി തുടിക്കുന്ന താറാവുകൾ. പച്ചവിരിച്ച മണ്ണിൽ തൂവെള്ള അലുക്കുകൾ പോലെ കൊക്കുകൾ, അങ്ങിങ്ങായി പണിയെടുക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന കൃഷിക്കാർ, വയലുകൾക്ക് നടുവിലായി നിർത്തിയിട്ടിരിക്കുന്ന കൊയ്ത്തുയന്ത്രം... ഫ്രെയിം ചെയ്തൊരു ജലച്ചായചിത്രമായിട്ടു മാത്രമേ ജനലഴികളിലൂടെ ഈ കാഴ്ചകൾ എന്റെ മുന്നിൽ തെളിഞ്ഞൊള്ളൂ. എപ്പോഴത്തെയും പോലെതന്നെ ഈ തവണയും എന്റെ ഫോണിലെ ക്യാമറ കണ്ണുകൾ അടച്ചുതുറന്നു, പലപ്രാവശ്യം. ഞാൻ ഫോട്ടോ എടുക്കുന്നതു കണ്ടിട്ടാണെന്നു തോന്നുന്നു പാട്ട് കേട്ടുകൊണ്ടിരുന്ന പെണ്‍കുട്ടി എന്നെ നോക്കി. ചെറിയൊരു ചമ്മലോടെ ഞാൻ ഫോണ്‍ എടുത്തുവച്ചു. പരീക്ഷ എഴുതാൻ പോവുകയാണെങ്കിലും എനിക്കിതൊരു വിനോദയാത്ര തന്നെ ആണെന്ന് ആ പെണ്‍കുട്ടിക്ക് അറിയില്ലല്ലോ!

ഒരു ദീർഘദൂരഓട്ടക്കാരനെപോലെ വിശ്രമമില്ലാതെ മുന്നോട്ടു പാഞ്ഞുകൊണ്ടിരുന്ന തീവണ്ടിയുടെ വേഗം കുറയുന്നതായി തോന്നി. സാവധാനം കുറഞ്ഞു കുറഞ്ഞു സ്റ്റേഷനിൽ അല്ലാത്ത എവിടെയോ അതു നിന്നു. ഒരു തീവണ്ടിക്കു കടന്നുപോകുവാൻ വഴിമാറി കൊടുക്കുന്നത് നമ്മുടെ തീവണ്ടികൾക്ക് പുത്തരിയല്ലല്ലോ. പക്ഷെ രണ്ടിലധികം പാളങ്ങളുള്ള ഈ സ്ഥലങ്ങളിൽ അതിനു സാധ്യതയില്ല. എങ്കിലും എന്തെങ്കിലും കാരണം കാണും എന്നു ചിന്തിച്ചുകൊണ്ടു അധികമായില്ലാത്ത സമയത്തെയും പഴിച്ചു ഞാൻ അവിടെ തന്നെ ഇരുന്നു.

നിശ്ചലമായ പാളങ്ങളിൽ സമയത്തിന്റെ ചക്രങ്ങൾക്ക് വേഗം കൂടുന്നതായി തോന്നുന്നു. അഞ്ച്.... പത്ത്... ഇരുപത്... മിനിറ്റുകളുടെ സ്റ്റേഷനുകൾ ഓരോന്നായി പിന്നിട്ടുകൊണ്ടിരുന്നു. പക്ഷെ ഈ തീവണ്ടിക്കു അനക്കമൊന്നും ഇല്ല. സ്റ്റേഷനിൽ ഒന്നും അല്ല നിർത്തിയിട്ടിരിക്കുന്നതും.
ഞാൻ സമയം നോക്കി. പരീക്ഷകേന്ദ്രത്തിൽ എത്തണമെങ്കിൽ പാലക്കാട്‌ എത്തിയ ശേഷം വീണ്ടും ബസിൽ യാത്ര ചെയ്യേണ്ടതുണ്ട്. ആലത്തൂർ എന്ന സ്ഥലത്താണ്. ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു കമ്പാർട്ട്മെന്റിന്റെ വാതിലിൽ ചെന്ന് പുറത്തേക്കു നോക്കി. പലരും പുറത്തിറങ്ങി നില്ക്കുന്നുണ്ട്. കൂടുതലും പരീക്ഷക്ക്‌ പോകുന്നവർ തന്നെ എന്ന് തോനുന്നു. സമയത്തിന്റെ വില ഈ സമയം ഏറ്റവും അറിയുന്നത് അവർക്കാണല്ലോ!
ഞാനും പതുക്കെ പുറത്തിറങ്ങി. ആദ്യം കണ്ട ആളിനോട്‌ കാര്യം തിരക്കി, അറിയില്ല എന്നായിരുന്നു ഉത്തരം. റെയിൽവെയും ഉദ്യോഗസ്ഥരെയും എന്തൊക്കെയോ ചീത്തവിളിച്ചു കൊണ്ടു അയാൾ കമ്പാർട്ട്മെന്റിലേക്കു തിരികെ പോയി.
ഞാൻ ചുറ്റും നോക്കി. വീടുകൾ ഒന്നും അധികം ഇല്ലാത്ത ഒരു പ്രദേശത്താണ് തീവണ്ടി നിർത്തിയിരിക്കുന്നത്. കുറച്ചു മാറി വയലുകൾ കാണാം. ഇടയ്ക്കിടയ്ക്ക് ചെറുതണലുകൾ വിരിക്കുന്ന കരിമ്പനകൾ. വയലുകൾക്കപ്പുറം വീണ്ടും തിങ്ങി നിറഞ്ഞ പച്ചപ്പ്‌.
സമയച്ചക്രങ്ങൾക്ക് വിശ്രമമില്ലല്ലോ! ഏതാണ്ട് ഒരു മണിക്കൂറോളമായി ട്രെയിൻ നിർത്തിയിട്ടിട്ട്. ആരൊക്കെയോ പറയുന്നുണ്ട്, സിഗ്നൽ തകരാറ് ആണെന്ന്. ചിലർ വയലുകൾക്ക് നേരെ നടക്കുന്നതു കാണാം. ഈ വണ്ടിയിലെ യാത്രക്കാരാണ്. ഒരു പക്ഷെ മടുത്തിട്ട് അടുത്ത വഴി തേടി പോവുകയായിരിക്കാം അവർ. അടുത്തു വന്ന ഒരാളോട് ഞാൻ വിവരങ്ങൾ തിരക്കി.

"ട്രെയിൻ ഇപ്പോഴൊന്നും പോകുന്നമട്ടില്ല, ഇത് ആലത്തൂർ എന്നാ സ്ഥലമാണ്‌. കുറച്ചു വടക്കോട്ട്‌ നടന്നാൽ ഹൈവേ എത്തും. അവിടുന്നു പാലക്കാടിനു ബസ്‌ കിട്ടുമായിരിക്കും"
ഒരു നിമിഷം ഞാൻ അമ്പരന്നു, ആലത്തൂർ!!! എന്റെ പരീക്ഷകേന്ദ്രം അവിടയല്ലേ...അടുത്തനിമിഷം ഞാൻ നേരെ കമ്പാർട്ട്മെന്റിലേക്കു കുതിച്ചു. ബാഗ്‌ എടുത്തു. എത്രയും വേഗം പോയാൽ മതിയെന്നായി.
ആ കമ്പാർട്ട്മെന്റിൽ ഉള്ളവരെല്ലാം അപ്പോഴും പ്രതീക്ഷയോടെ തന്നെ അവിടെ ഇരിക്കുകയായിരുന്നു.
പോകുന്നകണ്ട് കാര്യം ചോദിച്ച ആളോട് ഞാൻ പറഞ്ഞു "ഇതെപ്പോൾ പോകും എന്നറിയില്ല, ഇവിടെ അടുത്താണ് ഹൈവേ. കുറച്ചു ദൂരം നടന്നാൽ മതി. അവിടെ എത്തിയാൽ വണ്ടി ബസ്‌ വല്ലതും കിട്ടും". എല്ലാവരോടുമായാണ് ഞാൻ അത് പറഞ്ഞത്.
ഒരു പെണ്‍കുട്ടി അപ്പോൾ ചോദിച്ചു "ട്രെയിനിനു എന്താ പറ്റിയത്?"
"ഇല്ല, അറിയില്ല".ഞാൻ പറഞ്ഞു.
അവൾ കൂടെയുള്ള പെണ്‍കുട്ടിയുമായി സംസാരിക്കുന്നതു കണ്ടു കൊണ്ട് ഞാൻ അവിടെ നിന്നും പോകാൻ തുടങ്ങി. പാട്ട് കേട്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയാവട്ടെ എന്നെ നോക്കിയശേഷം വാച്ചിലേക്ക് നോക്കുന്നതു കണ്ടു. അവൾ വീണ്ടും പാട്ടിന്റെ വഴിയെ പോകുന്നതായി തോന്നി.
പരീക്ഷക്കു പോകുന്നവർക്കല്ലേ ഈ യാത്രയിൽ തിരക്കൊള്ളൂ.. ആത്മഗദത്തോടെ ഞാൻ തീവണ്ടിയിൽ നിന്നും ഇറങ്ങി വയലിനെ ലക്ഷ്യമാക്കി മുമ്പേ പോയവരുടെ പുറകെ നടന്നു.

മൂന്ന്:
നട്ടുച്ച വെയിലാണ്. ഇടയ്ക്കിടയ്ക്ക് കുട വിരിച്ചു നില്ക്കുന്ന കരിമ്പനകൾ മാത്രമേ തണലിനായിട്ടോള്ളൂ ചുറ്റിലും. പക്ഷെ വിശ്രമിച്ചിരിക്കാൻ സമയമില്ലല്ലോ. മാത്രമല്ല കുറച്ചു ദൂരമല്ലേ പോകേണ്ടതോള്ളൂ. വയലിന്റെ ഇടയിലൂടെ ഒഴുകുന്ന തോടിന്റെ ഓരം ചേർന്ന് ഞാൻ മുമ്പോട്ടു നടന്നു. ഉച്ചവെയിലിൽ തോട്ടിലെ വെള്ളം ഒരു വെള്ളിപ്പട്ടുപോലെ ഒഴുകിക്കൊണ്ടിരുന്നു. അതിൽ പതിച്ച നിഴൽഛായയിൽ നീന്തിതുടിക്കുന്ന പരൽമീനുകളെ കാണാം. വിളഞ്ഞു നിൽക്കുന്ന നെൽക്കതിരുകളിൽ, ചുരമിറങ്ങി വീശുന്ന പാലക്കാടൻ കാറ്റിന്റെ അലകൾ തീർക്കുന്ന മർമ്മരങ്ങലും കേൾക്കാം. ആസ്വദിച്ചു നിൽക്കുവാൻ നേരമില്ലാത്തതിനാൽ എന്റെ കാലുകൾക്ക് വേഗം കൂടി കൊണ്ടിരുന്നു.
എനിക്കു മുമ്പിലായി കുറച്ചുമാറി ഒന്നുരണ്ടു ആളുകൾ നടന്നു പോകുന്നുണ്ട്, പുറകിലും ദൂരെനിന്നും ആളുകൾ വരുന്നുമുണ്ട്. ഞാൻ ഒന്നുകൂടി പുറകിലേക്ക് തിരിഞ്ഞു നോക്കി. തീവണ്ടി അപ്പോഴും അവിടെ തന്നെ കിടക്കുകയാണ്, ഇര വിഴുങ്ങിയ പാമ്പിനെ പോലെ ചലിക്കാനാവാതെ...
പത്തുമിനുട്ടെങ്കിലും നടന്നുകാണും. വണ്ടികളുടെ ഇരമ്പലും ഹോണ്‍ മുഴക്കുന്നതും കേട്ടുതുടങ്ങി. ശാന്തമായ ഈ പ്രകൃതിക്ക് അതൊരു അലോസരമായിരുന്നെങ്കിലും ഞങ്ങൾക്കത് പ്രതീക്ഷനിറഞ്ഞ ഉത്തരങ്ങളായിരുന്നു. നടന്നു ചെല്ലുംതോറും റോഡ്‌ കാണാറായി. വാഹനങ്ങൾ പോകുന്നതും കണ്ടുതുടങ്ങി. നേരത്തെ എത്തിയവർ വരുന്ന വണ്ടികൾക്കൊക്കെ കൈകാണിക്കുന്നത് കണ്ടു. ചിലതൊക്കെ നിർത്തുന്നുണ്ട്.
എനിക്ക് അവിടെനിന്നും രണ്ടു കിലോമീറ്ററോളം സഞ്ചരിക്കണം, പരീക്ഷാകേന്ദ്രമായ സ്കൂളിലെത്താൻ. അടുത്തുകണ്ടൊരു കടയിൽ ചോദിച്ചറിഞ്ഞതാണത്. എതെങ്കിലും ഓട്ടോറിക്ഷ കിട്ടുമെന്ന പ്രതീക്ഷയോടെ ഞാൻ ഹൈവേയിലൂടെ മുന്നോട്ടു തന്നെ നടന്നു.

നാല്:
തീപിടിച്ച ഉച്ചവെയിലിൽ കിതച്ചു ഓടിയെത്തി, ഇരമ്പിനിന്ന ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി ഞാൻ സ്കൂൾ മുറ്റത്തു കൂടി നടന്നു. സന്ധ്യക്കു കൂടുകളിലേക്ക്‌ മടങ്ങിപ്പോകുന്ന പക്ഷിക്കൂട്ടങ്ങളെപ്പോലെ കുട്ടികൾ കൂട്ടമായി പുറത്തേക്കു പോകുന്നു. പരീക്ഷ കാരണം സ്കൂൾ ഉച്ചവരെയേ ഉള്ളു. പരീക്ഷക്കു വന്നവർ പലസ്ഥലങ്ങളിലായി നിൽക്കുന്നതു കാണാം. ഇനിയും അരമണിക്കൂർ കൂടിയുണ്ട് പരീക്ഷ തുടങ്ങാൻ. നേരത്തെ എത്തിയ ആശ്വാസത്തോടെ ഞാൻ നോട്ടീസ് ബോർഡിന്റെ അടുത്തേക്ക് നീങ്ങി. രജിസ്റ്റർ നമ്പർ നോക്കി എനിക്കിരിക്കേണ്ട മുറി കണ്ടെത്തി.
മുറിയിൽ പലരും സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു ബഞ്ചിൽ രണ്ടുപേർ വീതമാണ്. എന്റെ സീറ്റിൽ ഒരാൾ എത്തിയിട്ടില്ല എന്ന് തോനുന്നു. മൊബൈൽ ഫോണും മറ്റും പരീക്ഷാഹാളിൽ ഉപയോഗിക്കുവാൻ കഴിയാത്തതിനാൽ അതെല്ലാം ബാഗിലാക്കി മുറിയുടെ ഒരു മൂലയിൽ കൊണ്ട് പോയി വച്ച് ഞാൻ സീറ്റിൽ വന്നിരിന്നു.

ഒരു പഴയ ക്ലാസ്സ്മുറി ആയിരുന്നു അത്. പഴയ ബഞ്ചുകൾ, ഡെസ്ക്കുകൾ, അഴുക്കു പിടിച്ച ചുമരുകൾ, എഴുതിയെഴുതി നിറം മങ്ങിയ ബോർഡ്‌. അധ്യാപകർ പറഞ്ഞുകൊടുത്ത വിജ്ഞാനാക്ഷരങ്ങൾ പലയാവർത്തി എഴുതി മനഃപ്പാഠമാക്കിയ വിദ്യാർത്ഥിയേപ്പോലെ, എഴുതിപ്പതിഞ്ഞ ചോക്കുകണങ്ങൾ ആ കറുത്തപ്രതലത്തിൽ അവശേഷിച്ചിരുന്നു. വളർന്നു വരുന്ന തലമുറയുടെ സർഗ്ഗവാസനകളുടെ പ്രതിഫലനം എന്നവണ്ണം പലതരം കലാസൃഷ്ടികൾ അഴുക്കുപിടിച്ച ചുമരുകൾക്കു അലങ്കാരമായി. കൗമാരത്തിന്റെ പ്രണയസ്മാരകങ്ങൾക്ക് നിറം പിടിപ്പിക്കുന്ന യുവ "ഷാജഹാൻമാരുടെയും മുംതാസുമാരുടെയും" പേരുകളും അതേ ചുമരുകളിൽ തന്നെ കൊത്തിവച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനങ്ങൾ ഡെസ്കുകളിലും കാണാം. ഇതൊരു വസന്തമാണ്‌. അറിവിന്റെ, സംസ്കാരത്തിന്റെ, സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, കലകളുടെ സുഗന്ധം പേറുന്ന, കൗമാരങ്ങളുടെ വസന്തം. ഒരുവേള പഴയ സ്കൂൾ ജീവിതത്തിന്റെ ഓർമ്മകൾ മനസ്സിൽ തളിരിടുന്നു എന്നു തോന്നിയ നിമിഷത്തിലാണ് ഇടനാഴിയിലെ മണിയടി ശബ്ദം കാതുകളിൽ മുഴങ്ങിയത്.

ഈ സ്കൂളിലെ തന്നെ അദ്ധ്യാപകൻ ആയിരിക്കണം, പുഞ്ചിരിച്ച മുഖത്തോടെ മുറിയിലേക്കു കടന്നു വന്നു. പരീക്ഷക്കു വേണ്ട നിർദ്ദേശങ്ങളും എഴുതുവാനുള്ള ഉത്തരകടലാസും ഓരോരുത്തർക്കും കിട്ടി. അപ്പോഴേക്കും ഒന്നുരണ്ടു പേരുകൂടി ഓടിക്കിതച്ചു മുറിയില്ലേക്കു കടന്നുവന്നു. ഒരുപക്ഷെ ദൂരെ നിന്നും വരുന്നവർ ആയിരിക്കും. ഞാൻ വന്ന തീവണ്ടിയിൽ ഉള്ളവർ ആണോ ആവൊ!!! പെട്ടെന്ന് തീവണ്ടിയുടെ കാര്യം മനസ്സിൽ വന്നു. അതു അവിടെനിന്നും പോയികാണുമോ???

"ഇവിടെ ഒപ്പ് ഇടുക". പരീക്ഷ എഴുതുന്നവരുടെ ലിസ്റ്റ് എന്റെ മുന്നിലേക്ക്‌ നീട്ടികൊണ്ട് അധ്യാപകൻ പറഞ്ഞു.
എല്ലാവരുടെയും ഫോട്ടോയും പേരും സ്ഥലവും അതിലുണ്ട്. ലിസ്റ്റ് ഞാൻ കയ്യിൽ വാങ്ങി. അദ്ദേഹം എന്റെ തിരിച്ചറിയൽ രേഖകളും രജിസ്റ്റർ നമ്പറും ശരിയാണോ എന്ന് പരിശോധിച്ചു.

പേരിനു നേരേ ഒപ്പിടുവാൻ പേപ്പറിൽ വിരലുകൾ ഓടിച്ചു നോക്കുമ്പോഴാണ് ശ്രദ്ധിച്ചത്, എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കേണ്ടത് ഒരു പെണ്‍കുട്ടിയാണ്. ഫോട്ടോ കണ്ട ഞാൻ, ഒരു നിമിഷം ഞെട്ടിപ്പോയി!! പാട്ടിന്റെ ലോകത്ത് ആരോടും മിണ്ടാതെ പുറംകാഴ്ചകളിൽ നിന്നും ഇമചിമ്മാതെ ഇരുന്നവൾ!! നിശബ്ദതയുടെ സ്വരാക്ഷരങ്ങൾ പൊഴിക്കുന്ന ചുണ്ടുകളും പ്രതീക്ഷയുടെ ചിരാതുകൾ തെളിഞ്ഞ കണ്ണുകളുമായി വന്നവൾ. അതെ, തീവണ്ടിയിൽ നിന്നും ഇറങ്ങിപ്പോരുമ്പോൾ അവസാനം കണ്ട മുഖം തന്നെ അല്ലെ ഇത്.
ദൈവമേ!! എന്തുപറ്റിയിരിക്കും അവൾക്ക്?? ഒരു പക്ഷെ ട്രെയിൻ അവിടെ തന്നെ കിടക്കുകയാവാം, അല്ലെങ്കിൽ വൈകിയതിനാൽ എത്തിപ്പെടാൻ പറ്റാത്തതാവാം. ചിലപ്പോൾ ഇപ്പോൾ തന്നെ ഓടി കയറി വരുമായിരിക്കും. ഒറ്റക്കായിരുന്നതിനാലാവാം ആരോടും സംസാരിക്കാതിരുന്നതും ട്രെയിനിൽ നിന്നും ഇറങ്ങി പോരാതിരുന്നതും. എന്റെ ചിന്തകൾ പറക്കാൻ തുടങ്ങി. ഇടനാഴിയിൽ വീണ്ടും മണി മുഴങ്ങി. പരീക്ഷ ആരംഭിക്കുവാൻ ആണ് അത്. അധ്യാപകൻ ചോദ്യപേപ്പർ വിതരണം ചെയ്തു തുടങ്ങി.

അഞ്ച്:
അസ്തമയകിരണങ്ങളേറ്റു പാലക്കാടൻ മണ്ണ് വീണ്ടും സുവർണ്ണനിറമായി. ചുവന്നു തുടുത്ത ആകാശപശ്ചാത്തലത്തിൽ കരിമ്പനകൾക്ക് കറുപ്പുനിറം കൂടിക്കൂടി വന്നു. ഇളംകാറ്റുവീശുന്ന ഭൂമികയുടെ നടുവിലൂടെ കനം കൂടിവരുന്ന മകരമഞ്ഞിനെ വകഞ്ഞുമാറ്റി തീവണ്ടി കുതിക്കുകയാണ്. ഇത് മടക്കയാത്രയാണ്‌. തൃപ്തിപ്പെടാത്ത മനസ്സുമായൊരു മടക്കം. വീണ്ടും വീണ്ടും തിരിച്ചെത്തണം എന്ന ആഗ്രഹത്തോടെ അത്രയധികം ഈ നാട് ഇഷ്ടപ്പെട്ടുപോകുന്നു.
പക്ഷെ, എന്റെ കണ്മുന്നിളിപ്പോഴും ലക്ഷ്യത്തിലെത്താതെ പോയ ആ മുഖമാണ്. പരീക്ഷ എഴുതിതീർത്തത് എങ്ങിനെയെന്നു പോലും ഓർക്കുന്നില്ല. ഓരോ നിമിഷവും വാതിൽക്കൽ ഓടിക്കിതച്ചുവരുന്നൊരു കാലൊച്ച പ്രതീക്ഷിച്ചു കൊണ്ടായിരുന്നു ഇരുന്നത്. പക്ഷെ അതുണ്ടായില്ല. ആ പെണ്‍കുട്ടി എവിടെ പോയിരിക്കാം??? ഒരുപക്ഷെ പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ തിരിച്ചുപോയിരിക്കാം. ഒരുപാടു പ്രതീക്ഷകളോടെ എത്തിയതായിരിക്കില്ലേ? ആ തീവണ്ടിയിൽ ഉണ്ടായിരുന്ന പലർക്കും ഈ ബുദ്ധിമുട്ടുകൾ തന്നെ ഉണ്ടായിക്കാണും.ആരുടെയെങ്കിലും ഒരാളുടെ അശ്രദ്ധയോ കൈപ്പിഴവൊ, അതുമല്ലെങ്കിൽ യാദൃശ്ചികമായി സംഭവിച്ച മറ്റെന്തെങ്കിലും കാരണമാവാം ആ യാത്രക്കു തടസ്സം നേരിടാൻ കാരണം.
പുറംകാഴ്ച്ചകൾ മാറിക്കൊണ്ടിരുന്നു. വെളിച്ചത്തിന്റെ ചൂട്ടു തല്ലിക്കെടുത്തി സൂര്യൻ ദൂരെ പച്ചപ്പിനു താഴേക്കുമറഞ്ഞു. തീവണ്ടിക്കു ചുറ്റും ഇരുട്ട് കനത്തു വരുന്നു.  വിദൂരതയിലേക്ക് നോക്കി ഞാനും ഇരുന്നു. ഒരുവേള ഉറക്കത്തിന്റെ മൂടുപടങ്ങൾ കണ്ണുകൾക്ക്‌ പുതപ്പായി മാറി.

പോക്കറ്റിൽ മൊബൈൽ ശബ്ദിക്കുന്ന കേട്ടിട്ടാണ് ഞാൻ ഉണർന്നത്. കൂട്ടുകാരനാണ്. ഞാൻ ഫോണ്‍ എടുത്തു.
"ഹലോ"
"ഡാ... നീ എവിടെത്തി? ഇന്ന് വരുന്നില്ലേ?" 
ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ ഞാൻ പുറത്തേക്കു നോക്കി. തീവണ്ടി അപ്പോഴും നീങ്ങുന്നുണ്ടായിരുന്നു. പുറത്തു തരിശായി കിടക്കുന്ന വയലുകളാണ്. കുറച്ചുമുമ്പ് വരെയുണ്ടായിരുന്ന സമൃദ്ധിയുടെ കാലം പഴങ്കഥകൾ മാത്രമായ ഭൂമി. അതിനപ്പുറത്തു മരങ്ങൾക്ക് മുകളിൽ തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ. അതിനുമപ്പുറം നിറം മങ്ങിയ പശ്ചിമചക്രവാളത്തിലേക്കു ലയിക്കാനോരുങ്ങുന്ന അസ്തമയസൂര്യൻ. കെട്ടിടങ്ങൾ കണ്ടുപരിചയമുള്ളവ ആണെന്നു ഞാൻ തിരിച്ചറിഞ്ഞു. തീവണ്ടി കോട്ടയത്തേക്ക് അടുക്കുകയാണ്.
എനിക്കു ശബ്ദമിടറി. മറുതലക്കൽ നിന്നും വീണ്ടും.
"ഹലോ"
"ഞാൻ കോട്ടയം എത്താറായി" ചുണ്ടുകൾ വിറച്ചു ഞാൻ പറഞ്ഞു.
"നീ വിളിച്ചപ്പോൾ ഞാൻ കുറച്ചു തിരക്കിലായിരുന്നു, അതാ പെട്ടെന്ന് ഫോണ്‍ വച്ചത്. നീ നാളെ എപ്പോഴാ പരീക്ഷക്ക്‌ പോകുന്നെ? പാലക്കാട്‌ ആണെന്നല്ലേ പറഞ്ഞത്?". അപ്പുറത്തു നിന്നും വീണ്ടും.
"അതെ"
അറിഞ്ഞുകൊണ്ടാണോ അല്ലാതെയാണോ ആ ശബ്ദം പുറത്തുവന്നത് എന്ന് എനിക്കു മനസ്സിലായില്ല. പിന്നെയും എന്തൊക്കെയോ അവൻ ചോദിച്ചതിനും പറഞ്ഞതിനും ഞാൻ മറുപടി പറഞ്ഞുവോ എന്നും അറിയില്ല.
അതുവരെ കണ്ടതെല്ലാം നിറമണിയാത്തൊരു സ്വപ്നമായി തന്നെ തിരിച്ചറിയുവാൻ വീണ്ടും സമയമെടുത്തു. കരിമ്പനക്കൂട്ടങ്ങളിൽ ആർത്തുചിരിക്കുന്ന പാലക്കാടൻ കാറ്റുപോലൊരു ദിവാസ്വപ്നം. ചുരമിറങ്ങുന്ന കാറ്റിൽ കരിമ്പനകൾ തലയാട്ടി ശബ്ദമുണ്ടാക്കുന്നത് അപ്പോഴും കാതുകളിൽ അവശേഷിച്ചിരുന്നു. തീവണ്ടി സാവധാനം സ്റ്റേഷനിലേക്ക് എത്തിനിന്നു.

******


പിൻകുറിപ്പ്‌: സിഗ്നൽ തെറ്റിച്ച തീവണ്ടി അടിയന്തിര ഉത്തരവ് പ്രകാരം തടഞ്ഞു. വണ്ടി വൈകിയതുമൂലം പി.എസ്.സി പരീക്ഷക്കു പോയവർ വലഞ്ഞു. പരീക്ഷക്കു ഹാജരാവാനാകാതെ പലരും തിരിച്ചു പോയി. (മാതൃഭൂമി-തൃശൂർ-05.01.2014)