Thursday, February 16, 2017

നീലഗിരി


ഒന്ന്
ഊട്ടി. കുട്ടിക്കാലം മുതൽ മനസ്സിൽ പതിപ്പിച്ച സ്വപ്നനഗരം. പരിചയപ്പെട്ടവരിൽ അവിടെ പോകാത്തവരായി ആരും ഉണ്ടായിരുന്നില്ല. ആ നഗരം കാണണം. പറഞ്ഞു മാത്രം കേട്ടിട്ടുള്ള തണുപ്പിന്റെ മൂടുപടം വാരിപ്പുതക്കണം. അതും നീലഗിരിയുടെ മഞ്ഞുപുതച്ച മലനിരകളിലൂടെ ചൂളം വിളിച്ചുപായുന്ന പഴയ ആവി എൻജിൻ ഘടിപ്പിച്ച തീവണ്ടിയിൽ തന്നെ പോവുക. എല്ലാം സഞ്ചാരിയുടെ ആഗ്രഹങ്ങൾ മാത്രമായി അവശേഷിക്കുക ആയിരുന്നു. കൂട്ടുകാരുമൊത്ത് ഊട്ടിയിലേക്കുള്ള  യാത്ര ആലോചിച്ചപ്പോൾ തന്നെ ആദ്യം എടുത്ത തീരുമാനം ആയിരുന്നു പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുക എന്നത്. റെയിൽവേയുടെ വെബ്‌സൈറ്റിൽ കയറി നീലഗിരി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. മേട്ടുപ്പാളയം മുതൽ ഉദകമണ്ഡലം വരെ. 3  മാസം കഴിഞ്ഞു ഒരു ദിവസത്തെ ടിക്കറ്റ് ആണ് കിട്ടിയത്. പിന്നീട് ആ തീവണ്ടിയാത്രക്ക് വേണ്ട ഒരുക്കങ്ങളായിരുന്നു.

 അത്ഭുതവും ആകാംഷയും ആവേശവുമായി കഴിഞ്ഞ ഡിസംബർ 30 നു ഞങ്ങൾ മേട്ടുപ്പാളയത്തിനു വണ്ടി കയറി. കായംകുളത്തുനിന്നും വൈകിട്ട് 7 മണിക്ക് ആയിരുന്നു ട്രെയിൻ. സ്ലീപ്പർ കോച്ചിലെ ബെർത്തുകളിൽ ട്രെയിനിന്റെ ശബ്‌ദതാളങ്ങളിൽ ഒന്നുറങ്ങി എഴുന്നേറ്റു. പുലർച്ചെ 2.30 നു ട്രെയിൻ കോയമ്പത്തൂർ എത്തി. റെയിൽവേ സ്റ്റേഷന് പുറത്തിറങ്ങി അടുത്തകണ്ട ചായക്കടയിൽ നിന്നും ഞങ്ങൾ ചായകുടിച്ചു. തിരിച്ചു വീണ്ടും സ്റ്റേഷനിൽ എത്തി. മേട്ടുപ്പാളയം ആയിരുന്നു അടുത്ത ലക്ഷ്യം.  റെയിൽവേ സ്റ്റേഷനിലെ കൗണ്ടറിൽ സമയം തിരക്കി. 5  മണിക്കാണ് അടുത്ത ട്രെയിൻ. അത് വരെ അവിടെ കാത്തുനിൽക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. വിശ്രമമുറിയിലേക്കു നടന്നു.

 ദക്ഷിണ റെയിൽവേക്കു കീഴിൽ സേലം ഡിവിഷനിലുള്ള കോയമ്പത്തൂർ സ്റ്റേഷൻ സാമാന്യം വലിയൊരു സ്റ്റേഷൻ ആയിരുന്നു. ആറോ ഏഴോ പ്ലാറ്റുഫോമുകൾ, വലിയ ടിക്കറ്റ് കൗണ്ടറുകൾ, ഇൻഫർമേഷൻ കൗണ്ടർ (ആളുണ്ടായില്ല, എന്നാലും), ശുചിമുറികൾ, വാടകക്ക് ഡോർമെറ്ററി സൗകര്യം. കൂടാതെ ഗൂഗിളിന്റെ ഫ്രീ വൈഫൈ സ്പോട്ടും (പലരും പാതിരാത്രിയിൽ മൊബൈലുകളുമായി ഇരിക്കുന്നത് എന്താണെന്നു പിന്നീടാണ് മനസിലായത്). ഇതോന്നും കൂടാതെ വൃത്തിയുണ്ട്. സന്തോഷം, കൊള്ളാം. എല്ലാവരും മനസ്സാ അംഗീകരിച്ചു.
ട്രെയിനിനു വേണ്ടിയുള്ള കാത്തിരുപ്പ് നീണ്ടുപോകുന്നു എന്ന് അറിഞ്ഞത് 5 മണി കഴിഞ്ഞാണ്. ട്രെയിൻ വൈകുമെങ്കിൽ കൃത്യസമയത്തു  മേട്ടുപ്പാളയത്തു എത്തിച്ചേരാൻ കഴിയില്ല. നീലഗിരി ട്രെയിൻ കയറാൻ പറ്റില്ല. ഈ യാത്ര തന്നെ വെറുതെയാകും. റെയിൽവേ സ്റ്റേഷനിലെ കിയോസ്കിൽ നോക്കി. ട്രെയിൻ 50 മിനിറ്റ് വൈകി ആണ് ഓടിക്കൊണ്ടിരിക്കുന്നത്. 1 മണിക്കൂറോളം യാത്ര ഉണ്ട് അങ്ങോട്ടേക്ക്. എന്തെങ്കിലും തീരുമാനം എടുക്കണമെങ്കിൽ ഇപ്പോൾ തന്നെ വേണം. എല്ലാവരുടെയും അഭിപ്രായത്തിൽ ബസിനു മേട്ടുപ്പാളയം പോകാൻ തീരുമാനിച്ചു.
ഉടൻ തന്നെ റെയിൽവേ സ്റ്റേഷനു പുറത്തിറങ്ങി ബസ് സർവീസിനെ കുറിച്ച് അന്വേഷിച്ചു. ഒരു മണിക്കൂർ യാത്ര ഉണ്ട്, പക്ഷെ ബസ് കിട്ടണമെങ്കിൽ 2 കിലോമീറ്റർ മാറി മറ്റൊരു റോഡിൽ നിൽക്കണം. ആദ്യം വന്ന ഓട്ടോയിൽ എല്ലാവരും കയറി.

പുതുതായി പണികഴിപ്പിച്ച ഒരു ബസ് സ്റ്റാന്റിൽ ആയിരുന്നു ആ ഓട്ടോക്കാരൻ ഞങ്ങളെ ഇറക്കിവിട്ടത്. അറിയാവുന്ന തമിഴിൽ ബോർഡുകൾ  വായിക്കാൻ തയ്യാറായി ഞങ്ങൾ ബസ് കാത്തുനിന്നു. അപ്പോഴേക്കും സമയം 6 മണിയോട് അടുത്തു കൊണ്ടിരുന്നു. ആദ്യം വന്ന ബസ്സിൽ തന്നെ കയറി. 7 മണിക്ക് മുമ്പ് മേട്ടുപ്പാളയം എത്തും എന്ന് ഡ്രൈവറോട് ചോദിച്ചു ഉറപ്പു വരുത്തി. എങ്കിലും സംശയം ആയിരുന്നു എല്ലാവരുടെയും മനസ്സിൽ. ബസ് പതുക്കെ നീങ്ങിത്തുടങ്ങി. ചുറ്റും മൂടിയിരുന്ന ഇരുട്ടിന്റെ പിരിമുറുക്കവും പ്രകാശവേഗത്തോടൊപ്പം നേർത്തു തുടങ്ങി. 55 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ മേട്ടുപ്പാളയം എത്താൻ. സ്റ്റാൻഡിൽ ഇറങ്ങി ആദ്യം കണ്ട ഓട്ടോയിൽ കയറി റയിൽവേ സ്റ്റേഷനിൽ എത്തി. സമയം 7 മണി. സമയത്തു എത്തിച്ചേർന്നതിന്റെ സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. പ്ലാറ്റഫോമിലേക്കു ഓടിക്കയറുമ്പോൾ ആകാംഷയും ആവേശവുമായിരുന്നു. അവിടെ ഞങ്ങളെ കാത്തൊരു അത്ഭുതം അവിപടർത്തിക്കൊണ്ടു മയങ്ങികിടപ്പുണ്ടായിരുന്നു.


  
രണ്ട്
നല്ല തിരക്കായിരുന്നു സ്റ്റേഷനിൽ. ഞങ്ങൾ ട്രെയിനിനു അടുത്തേക്ക് ചെന്നു. ടുറിസ്റ്റുകൾ ആയിരുന്നു യാത്രക്കാരിൽ ഏറിയപങ്കും.  എല്ലാവരും ഫോട്ടോ എടുത്തും മറ്റും നിൽക്കുകയാണ്. ഇന്ത്യൻ റയിൽവെയുടെ ഇന്നും എഴുതിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്നതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്ത് കാണാം. ഞങ്ങൾ ബുക്ക് ചെയ്തിരുന്ന സീറ്റ് നമ്പർ കണ്ടുപിടിച്ചു. മുമ്പിൽ നിന്ന് രണ്ടാമത്തെ കംപാർട്മെന്റ്. ചെറിയ ബോഗി ആണ്. 8 സീറ്റുകൾ. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ആണ് ഞങ്ങൾ എടുത്തിരുന്നത്. മുന്നിലെ രണ്ടു കംപാർട്മെന്റുകളെ ഫസ്റ്റ് ക്ലാസ് ആയിരുന്നൊള്ളു. ബാക്കി എല്ലാം സെക്കന്റ് സിറ്റിങ് ആയിരുന്നു. ഏറ്റവും പുറകിലായി ആവി എൻജിൻ. ടി ടി ആർ  വന്നു ടിക്കറ്റ് പരിശോധിച്ചു ഉറപ്പുവരുത്തി. ഒരു സ്ത്രീ ആയിരുന്നു. എല്ലാവരോടും സന്തോഷത്തോടെ പെരുമാറി, പാതിമലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും ആശംസകൾ നേരുന്നുണ്ടായിരുന്നു അവർ. വീട്ടിൽ വന്ന അതിഥികളെ സ്വീകരിക്കുന്നതു പോലെ അവർ എല്ലാവരെയും കണ്ടു. ഇന്ത്യൻ റയിൽവെയുടെ തന്നെ ചിരിക്കുന്ന ഒരു മുഖം.
ബാഗുകൾ സീറ്റിൽ വച്ചിട്ട് ഞാൻ ക്യാമറയും എടുത്തു പെട്ടെന്ന് തന്നെ പുറത്തു വന്നു. ട്രെയിനിന്റെ കുറച്ചു ചിത്രങ്ങളെങ്കിലും എടുക്കണം. ഓരോ യാത്രകളും പിന്നീട് ഓർമകളിൽ നിറമണിയുന്നതു എടുത്ത ചിത്രങ്ങളിലൂടെയാണ്. കുറച്ചു ചിത്രങ്ങൾ എടുത്തു. ആവി എൻജിൻ തന്നെയാണ് മുഖ്യആകർഷണം ആയി തോന്നിയത്. ഏകദേശം 80 വർഷത്തോളം പഴക്കമുണ്ടതിന്. കരിപിടിച്ചൊരു പഴയ അടുപ്പിനെ ഓർമിപ്പിച്ചുകൊണ്ട് അതങ്ങനെ എരിഞ്ഞു നിന്നു. ഒരു നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി.


റെയിൽവേ ഗാർഡിന്റെ വിസിൽ മുഴങ്ങി. ട്രെയിൻ യാത്രക്കു തയ്യാറെടുക്കുന്നു. എല്ലവരും ഓടിക്കയറുന്നു. ഗാർഡ്‌സ് വന്നു വാതിലുകൾ അടച്ചു. ചെറിയ ജനലുകൾ തുറന്നിട്ടു. അപ്പോഴേക്കും നീണ്ട ചൂളം വിളികേട്ടു. പുതിയ കാലഘട്ടത്തിലെ ഡീസൽ എൻജിന്റെ ഹോൺ ശബ്ദങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ഈ ചൂളം വിളി. വലിയൊരു ശീൽക്കാരത്തോടെ വെളുത്ത പുകച്ചുരുളുകൾ ആകാശത്തേക്ക് തുപ്പിക്കൊണ്ട് എൻജിൻ സ്റ്റാർട്ട് ആയി. നീലഗിരിയുടെ താഴ്‌വരയിൽ നിന്നും ഇര വിഴുങ്ങിയ സർപ്പത്തെപ്പോലെ ആ തീവണ്ടി പതുക്കെ യാത്രതുടങ്ങി. പുറകിലേക്കോടുന്ന കാഴ്ചയുടെ പാളങ്ങളിലൂടെ ഞങ്ങളും ഊട്ടിയുടെ കുളിർമഞ്ഞിലേക്കു കൂകിപ്പാഞ്ഞു.

ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ ഗതാഗതസംവിധാനത്തിന്. പഴയ മദ്രാസ് റെയിൽവേക്കു കീഴിൽ ആയിരുന്നു ആദ്യം ഇത്. പിന്നീട് സേലം ഡിവിഷനിൽ ആയി. സമുദ്രനിരപ്പിൽ നിന്നും 1069 അടി ഉയരത്തിൽ മേട്ടുപ്പാളയത്തു നിന്നും തുടങ്ങി 7230 അടി ഉയരത്തിൽ ഉദകമണ്ഡലം (ഊട്ടി) വരെ 45 കിലോമീറ്റർ. മേട്ടുപ്പാളയം, കല്ലാർ, അഡെർലി, ഹിൽഗ്രോവ്, റാന്നിമേട്, കതേരി റോഡ്, കൂനൂർ, വെല്ലിങ്ടൺ, അരവാൻകാട്‌, കെട്ടി, ലവ്ഡേൽ, ഉദഗമണ്ഡലം തുടങ്ങി പന്ത്രണ്ടോളം സ്‌റ്റേഷനുകളും , 100 ൽ അധികം വളവുകളും, 16  ഓളം തുരങ്കങ്ങളും, 250 ൽ അധികം പാലങ്ങളും പിന്നിടും. ഇന്ത്യയിൽ തന്നെ മീറ്റർ ഗേജ് പാളത്തിൽ ഓടുന്ന ചുരുക്കം റയിൽവേകളിൽ ഒന്നാണ് നീലഗിരി മൗണ്ടൈൻ റെയിൽവേ. റാക്ക് ആൻഡ് പിനിയൻ സംവിധാനത്തിന്റെ സഹായത്തോടെ ആണ് ഈ റെയിൽവേ ഉയരങ്ങളിലേക്കുള്ള യാത്ര സാധ്യമാക്കുന്നത്. റെയിൽവേ ട്രാക്കുകൾക്കിടയിലെ റാക്കിൽ പൽച്ചക്രങ്ങൾ പിടിച്ചു കയറിപ്പോകുന്ന രീതിയാണത്. മണിക്കൂറിൽ കേവലം 10-15 കിലോമീറ്റർ വേഗത്തിൽ മാത്രമേ ഈ ട്രെയിൻ സഞ്ചരിക്കുകയൊള്ളൂ. യുനെസ്കോയുടെ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതാണ് നീലഗിരി മൗണ്ടൈൻ റെയിൽവേ.
ജനസാന്ദ്രത വളരെ കുറഞ്ഞ സ്ഥലങ്ങളാണ് ഇരുവശവും. എങ്കിലും ചില ചെറിയ വീടുകൾ കാണാം. വീടുകൾ അല്ല, കുടിലുകൾ ആണ്. ചിലപ്പോഴെങ്കിലും തമിഴ്നാട് എന്ന് ഓർക്കുമ്പോൾ മനസിലേക്ക് ആദ്യമെത്തുന്ന സ്ഥായിഭാവമാണ് ആ കുടിലുകൾക്ക്. കുട്ടികൾ സഞ്ചാരികൾക്ക് കൈ വീശി 'ആശംസകൾ' നേരുന്നു. ആ പ്രദേശങ്ങളിലെ ഏറ്റവും ആകർഷകമായ വേറൊരു കാഴ്ചയാണ് പറന്നു നടക്കുന്ന മയിലുകൾ. ഒറ്റതിരിഞ്ഞും കൂട്ടമായും അവയെ കാണാം. മരച്ചില്ലകളിലും വീടുകൾക്ക് മുകളിലും വേലിപ്പുറത്തും എല്ലാം അവയുണ്ട്. ട്രെയിൻ സാവധാനം നീങ്ങിക്കൊണ്ടിരുന്നു.


മേട്ടുപ്പാളയത്തുനിന്നും 8 കിലോമീറ്റർ അകലെ കല്ലാർ ആയിരുന്നു ആദ്യ സ്റ്റേഷൻ. ട്രെയിൻ നിർത്തി. ഒരു സ്റ്റേഷൻ ആണെന്നൊന്നും തോന്നില്ല ചുറ്റും കണ്ടാൽ. ഒരു തമിഴ് അഗ്രഹാരത്തിന്റെ ഓരത്തു ചെന്നുനിന്നതുപോലെ തോന്നി. മേൽക്കൂരയില്ലാത്ത പ്ലാറ്റഫോമിനോട് ചേർന്നുതന്നെ വീടുകൾ. ചിലർ ഇറങ്ങി അതിഥികളെ നോക്കുന്നുണ്ട്. ട്രെയിനിന്റെ ആവി എൻജിനിൽ വെള്ളം നിറക്കുന്നു. 10 മിനിട്ടോളം അവിടെ ട്രെയിൻ നിർത്തിയിട്ടു. മുഴങ്ങിക്കേട്ട ചൂളം വിളിയും വെളുത്ത പുകച്ചുരുളുകളും ഇനിയും സഞ്ചരിക്കേണ്ട ദൂരത്തേയും സമയത്തെയും ഓർമിപ്പിച്ചു. വീണ്ടും ആവി എൻജിൻ പ്രവർത്തിച്ചു തുടങ്ങി. ട്രെയിൽ സാവധാനം കാടിനകത്തേക്കു കയറുകയായിരുന്നു.
പുലരിയുടെ ചെരിഞ്ഞ രശ്മികൾ മരച്ചില്ലകൾക്കിടയിലേക്കു ഊളിയിട്ടു. കാടിന്റെ ഭംഗിയെ കൂടുതൽ മനോഹാരിതയാക്കുന്നുണ്ട് ചിലപ്പോഴെങ്കിലും ആവി പടർത്തിക്കൊണ്ടു കടന്നു പോകുന്ന ഈ തീവണ്ടി. പാതിവഴിയിൽ നിലച്ചുപോയ പഴയ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ സകല ചൂടും ചൂരുമുണ്ട് ഈ തീവണ്ടിപ്പാതയിൽ. പലപ്പോഴും നമുക്കതു അനുഭവവേദ്യങ്ങളാകുകയും ചെയ്യും. നീരാവി എൻജിനും ചെറിയ ബോഗികളും മരപ്പാലങ്ങളും പഴയ സിഗ്നൽ സംവിധാനങ്ങളും വളഞ്ഞൊഴുകുന്ന പാളങ്ങളും കയറ്റിറക്കങ്ങളുമെല്ലാം നീലഗിരിയുടെ പ്രത്യേകതകളായി ഇന്നും നിലനിൽക്കുന്നു. പാലങ്ങളിൽ ട്രെയിൻ കയറുമ്പോൾ ജനലിലൂടെ പുറത്തേക്കു നോക്കിയാൽ ആ തീവണ്ടി സൗന്ദര്യം മുഴുവൻ ആസ്വദിക്കാം. അതൊരു കാഴ്ച തന്നെയായിരുന്നു. അത് ക്യാമറയിൽ പകരുന്ന ഫോട്ടോഗ്രാഫർമാരായിരുന്നു എല്ലാ ജനാലപ്പാളികളിലും. ഞാനും അവരിലൊരാളായി.


ഹിൽ ഗ്രോവിൽ ഞങ്ങളെ വരവേറ്റത് കുരങ്ങന്മാരുടെ കൂട്ടമായിരുന്നു. ഒറ്റക്കും, കൂട്ടമായും, കുടുംബമായും, കുട്ടികളുമായും അവരവിടെ വിഹരിച്ചിരുന്നു. സ്റ്റേഷനിൽ തന്നെ ഉള്ള ചെറിയൊരു ചായക്കടയിൽ നിന്നും ആളുകൾ വാങ്ങുന്ന പലഹാരങ്ങൾക്കു വേണ്ടി ഒരു യുദ്ധം തന്നെ അവരവിടെ നടത്തുന്നുണ്ടായിരുന്നു. ഇന്ന് ആഹാരത്തിനു വേണ്ടി പരസ്പരം ആക്രമിക്കുന്ന ആ മനുഷ്യപൂർവികവംശം നാളെ നമുക്ക് നേരെയും നടന്നു വരാം. കാരണം ഭക്ഷണം തേടി കണ്ടുപിടിക്കാനുള്ള അവന്റെ കഴിവിനെ ആണ് മനുഷ്യത്വം എന്ന് സ്വയം വിശ്വസിച്ച കപടവിശ്വാസം കൊണ്ട് നമ്മൾ ചൂഷണം ചെയ്യുന്നത്. എവിടെയായാലും കർശനമായി അവസാനിപ്പിക്കേണ്ട ഒന്ന് തന്നെയാണ് വന്യമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന മനുഷ്യന്റെ പ്രവണതയെ.ട്രെയിൻ അവരോടും യാത്രപറഞ്ഞു. പിന്നീട് ട്രെയിൻ പലസ്‌റ്റേഷനുകളിലും നിർത്തി. മലഞ്ചെരുവുകൾക്കു മുമ്പിലും തുരങ്കമുഖങ്ങൾക്കു മുമ്പിലും പതഞ്ഞൊഴുകുന്ന കാട്ടാറിന്റെ ഓരങ്ങളിലും എല്ലാം.
തങ്ങൾ വിഹരിക്കുന്ന ആവാസവ്യവസ്ഥയിലൂടെ ഒരായിരം അതിഥികളുമായി എന്നും കടന്നു പോകുന്ന ആ നീലപുതച്ച അത്ഭുതത്തെ നോക്കിനിൽക്കുന്ന കാട്ടുപോത്തിനേയും പുള്ളിമാനുകളെയും കുരങ്ങൻമാരെയും മയിൽക്കൂട്ടങ്ങളെയും കാണാമായിരുന്നു. സഞ്ചാരികളുടെ സൗകര്യാർത്ഥം ചില വ്യൂ പോയിന്റുകളിലും ട്രെയിൻ നിർത്തി കൊടുത്തു. 10.15 ഓടെ ട്രെയിൻ കൂന്നൂർ എത്തി. പ്രധാനപ്പെട്ടൊരു സ്റ്റേഷൻ ആണ് അത്. ഇവിടെ വരെയേ നീരാവി എൻജിൻ ഉള്ളു. പിന്നീട് അങ്ങോട്ട് ഡീസൽ എൻജിൻ ആണ് ഘടിപ്പിക്കുന്നത്. 30 മിനിറ്റോളം അവിടെ നിർത്തിയിട്ടു.


അതിനിടക്ക് സ്റ്റേഷനിലേക്ക് പ്രതീക്ഷിക്കാതെ കടന്നു വന്നൊരു അതിഥി എല്ലാവർക്കും അത്ഭുതകരമായൊരു കാഴ്ചയൊരുക്കി. വലിയൊരു കാട്ടുപോത്ത്‌ ആയിരുന്നു അത്. അത്രയും വലിപ്പമുള്ള ഒരെണ്ണത്തെ പലരും അതിനു മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. അതിനടുത്തേക്കു നടന്നടുക്കാൻ ശ്രമിച്ചവരെ സെക്യൂരിറ്റി ഗാർഡുകൾ ഓടിച്ചുവിടുന്നുണ്ടായിരുന്നു. കാഴ്ചക്കാരുടെ ക്യാമറകൾക്ക് ചെറിയൊരു ദൃശ്യ വിരുന്നു നൽകിക്കൊണ്ട് അത് സാവധാനം ട്രാക്കിലൂടെ നടന്നു മറഞ്ഞു.

വീണ്ടും ട്രെയിൻ യാത്രതുടങ്ങി, ഡീസൽ എഞ്ചിനുമായി. ഇടുങ്ങിയ മലഞ്ചെരുവിൽ നിന്നും വിസ്താരമുള്ള സമതലങ്ങളിലേക്കു കാഴ്ചകൾ വ്യാപിച്ചു. ഇടതൂർന്ന പൈന്മരങ്ങൾ ആയിരുന്നു ചുറ്റും. കുറേക്കൂടി ഉയർന്ന പ്രദേശങ്ങൾ. തണുപ്പും കൂടുതൽ തോന്നി, പക്ഷെ വെയിൽ തെളിഞ്ഞതുകൊണ്ടു അത്രയ്ക്ക് അനുഭവപ്പെടുന്നുണ്ടായില്ല. വെല്ലിങ്ടൺ ആയിരുന്നു അടുത്ത സ്റ്റേഷൻ. വലിയ തിരക്കൊന്നും ഇല്ല.  ഇന്ത്യൻ ആർമിയുടെ മദ്രാസ് റെജിമെൻറ് ആസ്ഥാനം അവിടെ ആണ്. കുറച്ചു സമയം മാത്രമേ ട്രെയിൻ നിർത്തിയൊള്ളു. എല്ലാവരും ഊട്ടിയുടെ കുളിരിലേക്കു അടുക്കുന്നതിന്റെ ആവേശത്തിലായി കഴിഞ്ഞിരുന്നു.


സഞ്ചാരികൾക്ക് നീലഗിരി പറുദീസയാണ്. ഈ തീവണ്ടിയും. ചെങ്കുത്തായ മലഞ്ചെരുവിനരികിലൂടെ, തുള്ളിയൊഴുകുന്ന കാട്ടാറിന്റെ മുകളിലൂടെ, വെളിച്ചം മറന്ന കൽതുരങ്കങ്ങൾക്കുള്ളിലൂടെ രുചി തളിരിടുന്ന തേയിലത്തോട്ടങ്ങൾക്കരികിലൂടെ വളർച്ച മുരടിച്ച ഗ്രാമജീവിതങ്ങൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന പാളങ്ങൾ... നീലഗിരി അനുഭവമാകുകയാണ്. പറഞ്ഞറിയിക്കാനാകാത്ത ചരിത്രത്തിന്റെ നേർസാക്ഷ്യം.

12 മണിയോടെ തീവണ്ടി ഊട്ടി റെയിൽവേ സ്റ്റേഷനിൽ എത്തി. യാത്രക്കാർ ഇറങ്ങിത്തുടങ്ങി. ലോക പൈതൃക ഭൂപടത്തിൽ സ്ഥാനം പിടിച്ച നീലഗിരി മൗണ്ടൈൻ റെയിൽവേയുടെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷം ഓരോ മുഖത്തും കാണാമായിരുന്നു.  ഒരു വിശ്വം ജയിച്ച സന്തോഷം. ഈ ട്രെയിനിൽ തന്നെ തിരിച്ചു പോകുവാനുള്ളവരുടെ നീണ്ട ക്യു കാണാമായിരുന്നു. ഞങ്ങൾ പതുക്കെ സ്റ്റേഷനിൽ നിന്നും ഇറങ്ങി താമസം ഏർപ്പാടുചെയ്തിരുന്ന ഹോട്ടലിലേക്ക് നടന്നു. ഇനി രണ്ടു ദിവസം ഊട്ടിയുടെ മഞ്ഞുപുതച്ച വിരിപ്പിനുള്ളിൽ...