Thursday, September 28, 2017

ജെഎൻയു

(കവിത)

കാലമേ കാണുക ഈ ചുവന്ന വീഥികളെ
കാലമേ കാണുക ഈ ചുവന്ന സന്ധ്യകളെ
ഈ രാഷ്‌ട്രഹൃദയത്തിൻ യൗവ്വനസരണിയിലെ
പരിവാരഭൂമികയിൽ പാറും പതാകയെ

തീപിടിക്കുന്നൊരീ തീഷ്ണ ബോധത്തിന്റെ
അണ്ഡങ്ങൾ ചൂടെറ്റും ഒരു രോഷയുവതയെ
വിരിയില്ലിനിയിവിടെ വർഗ്ഗമത വിത്തുകൾ
വിളമ്പിടും മതേതര സർവരുചിമുകുളങ്ങൾ

ഇതു വർഗ്ഗഫാസിസ കൊട്ടകച്ചുവരുകളിൽ
കാലം വരച്ചിട്ട നക്ഷത്രരേഖകൾ
ഇതു സംഘഗർവിന്റെ നെഞ്ചിൽ കൊളുത്തിയ
യൗവന തീക്കനലിലെരിയും നെരിപ്പോട്

കാത്തിരിക്കുന്നു നീ പെറ്റ തലമുറ
നയിക്കുന്നൊരീമണ്ണിൽ ഒരുരാവുറങ്ങുവാൻ
കാത്തിരിക്കുന്നു നിന്നിൽ വിരാചിക്കും
ശുഭ്രനക്ഷത്രത്തെയാകെ ചുവപ്പിക്കാൻ

കാത്തിരിക്കുന്നു ഉണരുന്ന കൈകളെ
ചുവപ്പിനെ പ്രണയിച്ച നിന്റെ സിരകളെ
കാത്തിരിക്കുന്നു നിന്റെ മിഴികളിൽ
കെടാതെ നീ കാത്ത ചെങ്കൊടിക്കനലിനെ

കാലത്തെ പ്രണയിച്ച നിന്റെ രാഷ്ട്രീയത്തെ
യൗവ്വനം പേറുന്ന നിന്റെ ആത്മാവിനെ
അരുണാഭമായൊരീ സ്വപ്നത്തെ പുൽകുവാൻ
വെമ്പുന്ന വീഥികളെ നിൻ പേര് ജെഎൻയു

No comments:

Post a Comment