Tuesday, July 1, 2014

ഡയറിക്കുറിപ്പുകൾ: കടലാസുവിമാനങ്ങൾ

ഒന്ന്:

"ഞാൻ ജീവിച്ചു തീർക്കുന്ന എന്റെ നിമിഷങ്ങളാണ് നിങ്ങളോട് പങ്കുവക്കാൻ പോകുന്നത്. ഇവിടെ എനിക്ക് സ്വകാര്യങ്ങളില്ല, അസത്യങ്ങളുമില്ല. ഓർമ്മകളുടെ പനിനീർപ്പൂക്കൾ കൊഴിഞ്ഞു പോകുന്ന നാളെയുടെ പുലരികളിൽ എനിക്കു മുമ്പിൽ ഈ വാക്കുകൾ ഉണ്ടാവണം.അതിനു വേണ്ടിയാണ് ഞാൻ നിങ്ങളേയും എന്നോടൊപ്പം കൂട്ടുന്നത്‌, നിങ്ങളിൽ കൂടി എനിക്ക് നാളെ എന്നെത്തന്നെ അറിയണം...."
ഡയറിയുടെ ആദ്യതാളിൽ കുറിച്ച ഈ വാക്കുകൾ ഒന്നുകൂടി ഞാൻ വായിച്ചു. വീണ്ടും താളുകൾ ഒന്നൊന്നായി മറിച്ചു. നഗരത്തിലെ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞിട്ടില്ല എന്ന് ഹോട്ടൽ മുറിയിലെ ജനാലയിലൂടെ ഇടയ്ക്കിടെ എത്തുന്ന ഹോണ്‍ ശബ്ദം ഓർമ്മിപ്പിച്ചു. ചെറിയൊരു മുരൾച്ചയോടെ മുറിയിലെ ഫാൻ കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. മേശപ്പുറത്തെ വൈദ്യുതവിളക്കിന്റെ  മഞ്ഞ വെളിച്ചത്തിൽ ഇന്നത്തെ ദിവസം കുറിച്ച ഡയറിത്താളുകളിൽ ഞാൻ അക്ഷരങ്ങൾ നിരത്താൻ തുടങ്ങി.

രണ്ട്:

മാർച്ച്‌ 15, 2014, 10.32 PM

തലസ്ഥാനനഗരിയിൽ ഞാൻ ആദ്യമായിട്ടല്ല വരുന്നത്. എപ്പോഴൊക്കെ വരാറുണ്ടോ അപ്പോഴെല്ലാം മ്യുസിയം ഗ്രൗണ്ടിൽ വന്നിരിക്കാരുമുണ്ട്. അതിനുള്ള സമയവും എനിക്കെപ്പോഴും കിട്ടാറുണ്ട് എന്നതാണ് വാസ്തവം.ആ പാർക്ക്‌ എന്റെ ബാല്യകാല ഓർമകളുടെ സ്മാരകമാണ്. പണ്ട് സ്കൂളിൽ പഠിക്കുമ്പോഴാണ് വിനോദയാത്രക്കായി ആദ്യമായി ഈ നഗരത്തിൽ വന്നത്. അന്ന് കൂട്ടുകാരുമൊത്ത് അവിടെ പുൽത്തകിടിയിൽ വട്ടം കൂടി ഇരുന്നതും കടല കൊറിച്ചതും എന്നും മനസ്സിൽ സൂക്ഷിച്ചിരുന്നു. കാലത്തിന്റെ ഇതളുകൾ മറിഞ്ഞപ്പോൾ കൂട്ടുകാരൊക്കെ എങ്ങോട്ടോ അകന്നു പോയി. പക്ഷെ യാതൊരു മാറ്റവും ഇല്ലാതെ ഈ പച്ചപ്പ്‌ ഇന്നും ഇവിടെ വിടർന്നു കിടക്കുന്നു.
ഈ പ്രാവശ്യവും അതുപോലെ തന്നെ സംഭവിച്ചു. ഒരു ദിവസം കൂടി അപ്രതീക്ഷിതമായി തങ്ങേണ്ടതായി വന്നിരിക്കുന്നു ഈ നഗരത്തിൽ. അപ്പോൾ വൈകുന്നേരം കിട്ടിയ ഇടവേളയാണ് പാർക്കിലേക്ക് എന്നെ നടത്തിയത്. പാർക്കിലേക്ക് കയറുവാൻ തുടങ്ങിയപ്പോഴാണ് അതിനടുത്തായിട്ടുള്ള മൈതാനത്തെ കൂടാരങ്ങൾ ശ്രദ്ധിച്ചത്. എന്തോ പ്രദർശനമാണെന്നു തോന്നുന്നു. ഞാൻ പതുക്കെ അതിനടുത്തേക്ക് നടന്നു.
ഫോട്ടോഗ്രഫി-ചിത്രകല പ്രദർശനമാണ്. മലയാളത്തിലെ ഒരു പ്രമുഖ ദിനപ്പത്രം ഒരുക്കിയതായിരുന്നു നിറങ്ങളിൽ തീർത്ത ആ കാഴ്ച. പ്രമുഖരും അല്ലാത്തതുമായ ചിത്രകാരന്മാർ വരച്ചതും ഫോട്ടോഗ്രാഫർമാർ പകർത്തിയതുമായിട്ടുള്ള ചിത്രങ്ങൾ. ആളുകൾ ഓരോരുത്തരായി അങ്ങോട്ട്‌ കയറിപ്പോകുന്ന കാണാം. എങ്കിലും വലിയ തിരക്കുകൾ അനുഭവപ്പെടുന്നില്ല. അല്ലെങ്കിലും ചിത്രകലയെ വളരെയധികം പ്രോത്സാഹിപ്പിച്ച ചരിത്രമൊന്നും ഒരിക്കലും അവകാശപ്പെടാൻ നമ്മുടെ സമൂഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. ആത്മഗതം പോലെ ചിന്തിച്ചുകൊണ്ട് ഞാനും ടിക്കറ്റെടുത്ത് അകത്തേക്ക് കയറി.

മൂന്ന്:

“ആകാശമുറ്റത്തു പിച്ചവച്ചു പറക്കുന്ന വർണ്ണപ്പട്ടങ്ങളുടെ നൂൽത്തലപ്പുകൾ കയ്യിലേന്തി കുരുന്നുകൾ ഓടിക്കളിക്കുന്ന സ്കൂൾമുറ്റം, സായാഹ്നസൂര്യൻ സ്വർണ്ണം പൂശിയ ത്രിസന്ധ്യയിൽ ചുവന്ന വാകപ്പൂക്കൾ വിരിച്ച അമ്പലക്കൽപ്പടവ്, കർക്കിടക മഴയിൽ കുത്തിയൊലിച്ചു പായുന്ന തോടിനരികിലെ മുളച്ചില്ലയിൽ ഇരയുടെ മിന്നലാട്ടം കാത്തിരിക്കുന്ന നീലപ്പൊന്മാൻ, ദേവിപ്രസാദത്തിനായി നാടിന്റെ ആത്മാവുമായി ഉറഞ്ഞുതുള്ളുന്ന കോമരങ്ങൾ, ഓണപ്പാട്ടിന് താളം പിടിക്കുന്ന വള്ളപ്പാടിന്റെ ഓർമ്മകളിൽ തുഴകളെറിഞ്ഞു നിരനിരയായി വരുന്ന ചുണ്ടൻവള്ളങ്ങൾ, നിരന്നുനിന്നു തലപ്പൊക്ക മത്സരത്തിൽ പങ്കെടുക്കുന്ന കവുങ്ങിൻ തോപ്പിലൂടെ പുസ്തകസഞ്ചിയുമായി പോകുന്ന സ്കൂൾ കുട്ടികൾ, ഇലച്ചാർത്തിലൂടെ എത്തിനോക്കുന്ന പൊൻകിരണങ്ങളോട് മുഖം പൊത്തി നനഞ്ഞമണ്ണിൽ പുതഞ്ഞു കിടക്കുന്ന കുന്നിക്കുരു മണികൾ, ഉത്സവപ്പറമ്പുകൾക്ക് അലങ്കാരമായി തലയാട്ടിനിൽക്കുന്ന കരിവീരന്മാർ, ജലപ്പരപ്പിലെ മരക്കാലിൽ ആഴങ്ങളിലേക്ക് ഊഴിയിടാനോരുങ്ങുന്ന നീർക്കാക്കകൾ, അസുരതാളത്തിൽ തലയാട്ടിനിൽക്കുന്ന ആൽത്തറക്കാവ്, വള്ളികൾ പടർന്നു തിങ്ങിനിൽക്കുന്ന കാഞ്ഞിരമരത്തിനു താഴെ കരിയില വീണു പടർന്ന തറയിൽ മഞ്ഞൾ രാശിയിൽ തലപൊക്കി നിൽക്കുന്ന സർപ്പത്തറ....”

ഓരോ ചിത്രങ്ങളും കണ്ടു ഞാൻ നടന്നു. പഴയ മലയാളലളിതഗാനങ്ങൾ പതിഞ്ഞ ശബ്ദത്തിൽ ആ ഹാളിലെവിടെയോ കേൾക്കുന്നുണ്ട്. നമ്മുടെ നാടിന്റെ പൈതൃകം മുഴുവൻ നിറക്കൂട്ടുകളിൽ പകർത്തിയിരിക്കുകയാണിവിടെ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ചിത്രകാരന്മാരും ഫോട്ടോഗ്രാഫർമാരും ഒരുമിക്കുന്ന അപൂർവസംഗമം.
പലചിത്രങ്ങളും എപ്പോഴൊക്കെയോ മറന്ന കാഴ്ച്ചകളിലേക്ക് കൈപിടിച്ചു നടത്തുന്നതായി തോന്നി. ഒരിക്കൽ എനിക്കു ചുറ്റിലും ഉണ്ടായിരുന്നതും ഞാൻ കണ്‍നിറച്ചു കണ്ടതും പിന്നീട് എന്റെ മക്കൾക്ക്‌ നഷ്ടപ്പെട്ടു പോയതുമായ ഈ നാടിന്റെ സമൃദ്ധി നിറങ്ങളായി ഇവിടെ വീണ്ടും വിരിഞ്ഞു നിൽക്കുന്നു.
മണ്ണിൽ പൊന്നുവിളയിച്ചിരുന്ന ഒരു സംസ്കാരം ഇവിടെ ഉണ്ടായിരുന്നു. അവരിവിടെ സ്നേഹത്തിന്റെ വിത്തുകൾ വിതച്ചിരുന്നു. മനസിലെ നന്മയുടെ വെളിച്ചം കൊണ്ട് അവരിവിടെ ആഘോഷങ്ങൾ ഒരുക്കി. എന്നാൽ കാലം കരുതിവച്ചതു മറ്റൊന്നായിരുന്നു. അസമത്വത്തിന്റെ കളകൾ ഈ മണ്ണിൽ പതുക്കെപ്പതുക്കെ തലപൊക്കി. നിറഞ്ഞുനിന്ന നന്മയുടെ ജലവിതാനം സാവധാനം താഴാൻ തുടങ്ങി. വികസനത്തിന്റെ കോണ്‍ക്രീറ്റ് വേരുകൾ മണ്ണിലേക്ക് തുളഞ്ഞുകയറി. പറഞ്ഞാൽ വിശ്വസിക്കാനാവാത്ത വിധം മണ്ണും മനുഷ്യനും മാറി. പ്രകൃതിയേയും മണ്ണിനേയും മനുഷ്യനേയും സ്നേഹിച്ചവർക്കുപോലും ഇതെല്ലാം കണ്ടുനിൽക്കാനെ കഴിഞ്ഞൊള്ളൂ. ഞാനും അവരോടൊപ്പം മൂകസാക്ഷിയായി നിന്നു. അതിനെ എനിക്കും കഴിയുമായിരുന്നൊള്ളൂ.

ദീർഘനിശ്വാസത്തോടെ ഞാൻ വീണ്ടും നടന്നു. ചിത്രങ്ങളോരോന്നും മനസിൽ ഓർമ്മകളുടെ തുടിപ്പാട്ടുകളുണർത്തി.
പണ്ട് പാടവരമ്പിൽക്കൂടി പുസ്തകസഞ്ചിയുമായി പള്ളിക്കൂടത്തിൽ പോയതും, നിറഞ്ഞൊഴുകുന്ന കർക്കിടകമഴയിൽ വൈകുന്നേരം തിരികെവരുമ്പോൾ നടവഴിയിലെ പാറപ്പുറത്ത് വഴുതിവീണതും, വടക്കേ തൊടിയിലെ കുളത്തിനടുത്തുള്ള മഞ്ചാടിച്ചുവട്ടിൽ നിന്നും മുത്തുമണികൾ പെറുക്കിക്കൂട്ടിയതും, പുഞ്ചപ്പാടത്ത് നിലമുഴുകുമ്പോൾ കാളകൾക്കൊപ്പം പാടത്തുകൂടി ഓടിക്കളിച്ചതും, മനക്കെക്കുടിയിലെ മാവിൻ ചുവട്ടിൽ തേൻപഴത്തിന് വേണ്ടി ചേട്ടനുമായി വഴക്കിട്ടതും എല്ലാം ഇന്നു സുഖമുള്ള ഓർമ്മകൾ മാത്രമായി മാറുന്നു. ഇനിയൊരു തലമുറയ്ക്കും ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരു കാലം. ഞാൻ പിച്ചവച്ചു വളർന്ന ബാല്യത്തിന്റെ അവശേഷിപ്പുകൾ ഒന്നുംതന്നെ ഇന്നെന്റെ ഗ്രാമത്തിൽ ഇല്ല. വലിയൊരു വ്യവസായ സംരംഭത്തിനു വേണ്ടി അതെല്ലാം അവിടുന്നു തുടച്ചുനീക്കപ്പെട്ടു. അത് തന്നെയാണ് ഒരുപക്ഷെ ദേശാടനപക്ഷിയേപ്പോലെ പിന്നീടുള്ള ഈ ജീവിതത്തിനും കാരണമായതും. വികസനത്തിന്റെ പേരിൽ നമുക്കു നഷ്ടപ്പെടുന്നത് ഈ മണ്ണിന്റെ ആത്മാവിനെത്തന്നെയാണ്, ഒരു ജനതയുടെ ശ്വാസനിശ്വാസങ്ങളെയാണ്... പലപ്പോഴും...

ചിത്രത്തിന്റെയും ഫോട്ടോകളുടേയും സൃഷ്ടാക്കളും അവിടെയുണ്ടായിരുന്നു. ആളുകൾ അവരെ പരിചയപ്പെടുന്നതും മറ്റും കാണാം. ചിത്രങ്ങളെ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കാനും തിരക്ക് കൂട്ടുന്നുണ്ട് ചിലർ. ഈ സമയങ്ങളിലും ഹാളിൽ ഏതോ കോണിൽ നിന്നും പഴയ മലയാളലളിതഗാനങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.

നാല്:

നിറങ്ങൾ ചാലിച്ച തൂവലുകൾ ചിറകിനടിയിലൊതുക്കി പറക്കുന്ന കടലാസുവിമാനങ്ങൾ!! ഒന്നും രണ്ടുമല്ല, ഒരായിരം... നിറങ്ങളുടെ ഒരു വിസ്മയമായിരുന്നു അവസാനത്തെ ആ ചിത്രം. കടന്നുവരുന്ന ഓരോരുത്തരും അറിയാതെതന്നെ ആ ചിത്രത്തിനു മുന്നിൽ നിന്നുപോയി, കൂടെ ഞാനും. തികച്ചും വ്യത്യസ്തമായൊരു പ്രമേയം, എന്നാൽ ഇതുവരെ കണ്ട ചിത്രങ്ങളുടെയെല്ലാം ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചു സൃഷ്ടിച്ചെടുത്തൊരു കൊളാഷ് ആയിരുന്നു കടലാസുവിമാനങ്ങൾ.

അതിലേക്കു നോക്കുംതോറും അകാരണമായൊരു ഭയം നെഞ്ചിൽ ഉയരുന്നതായി തോന്നി. മാത്രമല്ല അവിടെനിന്ന പലരുടെയും മുഖത്തും അതുള്ളതായി തോന്നി. എങ്കിലും അതു മെനഞ്ഞെടുത്ത കലാകാരന്റെ ഭാവനയെ അഭിനന്ദിക്കാതെ വയ്യ. അത്ര വിദഗ്ദ്ധമായിട്ടാണ് അയാൾ അത് ഒരുക്കിയിരിക്കുന്നത്. പ്രകൃതി കൊണ്ടൊരു സൃഷ്ടി, അങ്ങനെയേ എനിക്ക് അതിനെ വായിക്കുവാൻ കഴിഞ്ഞൊള്ളൂ.

ചിത്രത്തിന്റെ ഒരു വശത്തായി ചെറിയൊരു ആൾക്കൂട്ടം. എട്ടടി നീളത്തിലും അഞ്ചടി വീതിയിലും എനിക്കു മുന്നിലായി വിരിഞ്ഞുനിൽക്കുന്ന നിറക്കാഴ്ചയുടെ സൃഷ്ടാവിനെ ആളുകൾ പരിചയപ്പെടുന്നതിന്റെ തിരക്കാണ്. ഞാനും അതിനടുത്തേക്ക്‌ ചെന്നു. 
മുപ്പതിനോടടുത്തു പ്രായമുള്ളൊരു യുവാവാണ് ആ നായകൻ. ചെമ്പിച്ച തലമുടി, കറുത്ത ഫ്രെയിം വച്ച കണ്ണട, വെട്ടിയൊതുക്കാത്ത താടിരോമങ്ങൾ, മുഷിഞ്ഞു തുടങ്ങിയ കുപ്പായം.. അവൻ ഇരിക്കുകയാണ്, ചക്രങ്ങളുള്ളൊരു കസേരയിൽ!!! കത്തുന്ന മെഴുകുതിരിപോലെ, ചലനമില്ലാത്ത പകുതി ശരീരവുമായി, നിഷ്ക്കളങ്കമായ നിറഞ്ഞ ചിരിയോടെ…
ഏതൊരു മികച്ച സൃഷ്ടിയും നേരിന്റെ അനുഭവചൂളയിൽ വാർത്തെടുത്തവയാകും. പകുതി മരിച്ച ശരീരത്തിനുള്ളിൽ അസ്വസ്ഥമായൊരു മനസ്സ് അവന്റെ മുഖത്തുനിന്നു വായിച്ചെടുക്കാൻ സാധിക്കും, അവനും ഒരുപക്ഷെ ഒരു രക്തസാക്ഷിയാവാം. ഏതോ നവലോകസൃഷ്ടിയുടെ മരിക്കാത്ത രക്തസാക്ഷി. അവൻ എന്തോ പറയുവാൻ ശ്രമിക്കുകയാണ് , ഈ ലോകത്തോട്‌...
തിരക്കൊന്നു കുറഞ്ഞപ്പോൾ ഞാനും ചലിക്കുന്ന ആ കസേരയ്ക്കു അരികിലേക്കു ചെന്നു. കുറച്ചു കുട്ടികളായിരുന്നു അപ്പോൾ അവന്റെ അരികിലുണ്ടായിരുന്നത്. ഞാനും അവർക്കൊപ്പം കൂടി. എന്തു ചോദിക്കണമെന്നോ എങ്ങനെ പരിചയപ്പെടണമെന്നോ അറിയാതെ നിന്ന എന്റെ മുഖത്തേക്ക് അവനൊന്നു നോക്കി.
വിക്കി വിക്കി ഞാൻ ചോദിച്ചു,
 "എവിടെയാണ് സ്വദേശം?"
പുഞ്ചിരിച്ചുകൊണ്ടാണ് അവൻ മറുപടി പറഞ്ഞത്, 
"ആറന്മുള"
ഒരു പക്ഷിയുടെ ചിറകടി ശബ്ദം എന്റെ കാതുകളെ തുളച്ചു പായുന്നതു ഞാൻ അപ്പോൾ അറിഞ്ഞു. വലിയൊരു യന്ത്രപ്പക്ഷിയായിരുന്നു അത്. ഒരിക്കൽ നമ്മുടെ സ്വപ്നങ്ങൾക്ക് മുകളിലൂടെയായിരുന്നു അവ പറന്നിരുന്നത്, എത്തിപ്പിടിക്കാനാവാതത്ര ഉയരത്തിൽ. പണ്ടും ഞാൻ ഈ ശബ്ദം കേട്ടിരുന്നു. കൊയ്ത്തുകഴിഞ്ഞ പാടത്തു കളിക്കുമ്പോൾ കൈകൊട്ടി വിളിക്കാനും അതിന്റെ ശബ്ദം കേട്ടാൽ എവിടെയായിരുന്നാലും മുറ്റത്തേക്കിറങ്ങി സൂര്യനെ വകവയ്ക്കാതെ മുകളിലേക്ക് നോക്കാനും ഇഷ്ട്ടപ്പെട്ടിരുന്ന ഒരു കാലത്ത്. എന്നാൽ ഇന്ന് ഭയപ്പെടുത്തുന്ന മുഴക്കത്തോടെ അവ നമുക്ക് ചുറ്റിലേക്കും പറന്നിറങ്ങാനൊരുങ്ങുന്നു, ഈ മണ്ണിലേക്ക്, ഈ പ്രകൃതിയിലേക്ക്, നമ്മളോരോരുത്തരെയും മനുഷ്യനാക്കിയ ഈ സംസ്കാരത്തിന്റെ നെഞ്ചിലേക്ക്!!!
എന്റെ ഉള്ളിലെ ഭയം എന്തെന്ന് ഇപ്പോൾ ഞാൻ അറിയുന്നുണ്ട്‌. എവിടെനിന്നോ ഒരുകൂട്ടം മനുഷ്യരുടെ നിലവിളികൾ കാതിൽ മുഴങ്ങുന്നു. പക്ഷെ കൂറ്റൻ പക്ഷിയുടെ ചിറകടി ശബ്ദത്തിൽ ആരും അത് കേൾക്കുന്നില്ല.
അതു ഞാൻ വ്യക്തമായി തന്നെ കേട്ടു, പക്ഷെ അതിനു ശേഷം ഞാൻ ചുറ്റുപാടുകളെ കേട്ടില്ല, ചുറ്റിനുമുള്ള ഒന്നും കണ്ടില്ല. ചുറ്റും നോക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങി, പച്ചവിരിച്ച പുൽത്തകിടിയിലൂടെ നടന്നു. പാർക്കിൽ ആരോ പറത്തിവിട്ടൊരു കടലാസുവിമാനം എന്റെ അരികിലൂടെ പറന്നു താഴെവീണു…

ഡയറി അടച്ചുവച്ച് ഞാൻ പതുക്കെ കസേരയിലേക്ക് ചാഞ്ഞു. നഗരത്തിലെ തിരക്ക് അപ്പോഴേക്കും കുറഞ്ഞിരുന്നു.
O O O

4 comments:

  1. യന്ത്രപക്ഷികള്‍ തലയ്ക്കു മുകളില്‍

    ReplyDelete
  2. വിരല്‍ത്തുമ്പില്‍ ദൈവത്തിന്‍റെ കൈയ്യൊപ്പോടു കൂടി ജനിച്ചവരാണ് ചിത്രകാരന്‍മാര്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നിശ്ചല ചിത്രങ്ങള്‍ക്കുള്ളില്‍ ചലിക്കുന്നൊരു ലോകംതന്നെ സൃഷ്ടിക്കാന്‍ കഴിവുള്ളവര്‍. ഇവിടെ കഥാകൃത്തിനുള്ളിലെ ചിത്രകാരനും ചിത്രകാരനുള്ളിലെ കഥാപാത്രവും കഥയുടെ ആഴങ്ങളില്‍ സമാന്തരങ്ങളായി സഞ്ചരിക്കുന്നവര്‍ ആണെന്ന് തോന്നി....കടലാസുവിമാനങ്ങള്‍ ... പേരിന്‍റെ വ്യത്യസ്ഥത കൊണ്ടും മനോഹരമായൊരു സൃഷ്ടി ...

    ReplyDelete